കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡിജെ പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാറ്റ് ഇന്നലെ പോലീസിനു കൈമാറിയത് സിസിടിവിയിൽനിന്ന് അഴിച്ചുമാറ്റിയ ഒറിജിനൽ ഹാര്‍ഡ് ഡിസ്ക് അല്ലെന്നു സൂചന.
ഡിവിആറില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോയെന്നറിയാന്‍ സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പോലീസ് ഹാര്‍ഡ് ഡിസ്കിന്റെ പരിശോധന തുടങ്ങിയിട്ടുണ്ട്.
ഇതിൽനിന്നാണ് പാര്‍ട്ടി നടന്ന ഹോട്ടലില്‍നിന്ന് അഴിച്ചുമാറ്റിയ ഹാർഡ് ഡിസ്ക് അല്ല ഇത് എന്ന നിഗമനത്തിൽ പോലീസ് എത്തിയതെന്ന് അറിയുന്നു.
അപകടത്തിനു പിന്നാലെ ഹോട്ടലില്‍നിന്നു കാണാതായ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുകളിലൊന്ന് എന്നുപറഞ്ഞ് റോയ് പോലീസിനു മുന്നില്‍ ഹാജരാക്കിയിരുന്നു.
എറണാകുളം അസി. പോലീസ് കമ്മീഷണര്‍ വൈ. നിസാമുദ്ദീന്‍, മെട്രോ സിഐ എ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോയി ജോസഫിനെ ഇന്നലെ പത്തു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ഇയാള്‍ പറഞ്ഞ കാര്യങ്ങളൊന്നും പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇയാളോട് ഇന്ന് രാവിലെ പാലാരിവട്ടം സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനും രണ്ടാമത്തേ ഹാര്‍ഡ് ഡിസ്ക് ഹാജരാക്കാനും പോലീ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ടലില്‍ വീണ്ടും പരിശോധന
അന്വേഷണസംഘം ഇന്നു വീണ്ടും ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പരിശോധന നടത്തും. സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തുന്നത്.
ഹോട്ടലില്‍ എവിടെയൊക്കെ സിസിടിവി സ്ഥാപിച്ചിരിക്കാമെന്നും ഹോട്ടലിലെ മുഴുവന്‍ ദൃശ്യങ്ങളും അതില്‍ പതിയുമോയെന്നും കണ്ടെത്താനാണ് പരിശോധന.
ഹോട്ടലില്‍ സിസിടിവി സ്ഥാപിച്ചവരെയും വിളിച്ചു വരുത്തിയിട്ടുണ്ട്. യാഥാര്‍ഥ ഡിവിആര്‍ റോയി ജോസഫ് ഇന്ന് ഹാജരാക്കിയില്ലെങ്കില്‍ ഇയാൾക്കെതിരേ കേസെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
അതേസമയം പാര്‍ട്ടി ഹാളില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക് എന്തിനു മാറ്റിയെന്ന പോലീസിന്റെ ചോദ്യത്തിന് എക്സൈസിനെ പേടിച്ചിട്ടെന്നായിരുന്നു റോയിയുടെ മറുപടി.
സംഭവദിവസം രാത്രി വൈകിയും മദ്യം വിളമ്പിയതിനു ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്സൈസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതിനു പുറമേ മറ്റൊരു കേസുകൂടി വന്നാല്‍ എന്നന്നേക്കുമായി ലൈന്‍സന്‍സ് നഷ്ടമാകുമെന്നു കരുതിയാണു ജീവനക്കാരനെകൊണ്ട് ഹാര്‍ഡ് ഡിസ്ക് ഊരിമാറ്റിച്ചതെന്നും റോയ് പോലീസിനോടു പറഞ്ഞു.
സൈജുവിനെതിരേ കേസെടുക്കും
അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ആഡംബര കാറിലുണ്ടായ വ്യവസായി സൈജുവിനെ പോലീസ് കേസെടുക്കുമെന്നും അറിയുന്നു.
മിസ് കേരളുടെ സംഘവുമായി ഇയാള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് പോലീസ് നല്കുന്ന സൂചന.
കേരളപ്പിറവി ദിനത്തില്‍ പുലര്‍ച്ചെ പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ നടന്ന കാര്‍ അപകടത്തിലായിരുന്നു മുന്‍ മിസ് കേരള ആന്‍സി കബീറും റണ്ണര്‍ അപ്പ് അഞ്ജന ഷാജനും സുഹൃത്ത് മുഹമ്മദ് ആഷിഖും മരിച്ചത്.
ഇവരുടെ മരണത്തില്‍ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.