ആലപ്പുഴ: കുതിരപ്പന്തിയിൽനിന്നു രാവിലെ 9.30 മുതൽ നാലുവയസുകാരിയെ കാണാനില്ലെന്ന വാർത്ത ഞെട്ടലോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ജനങ്ങൾ പങ്കുവച്ചത്.
കുട്ടിയെ കണ്ടാൽ പോലീസിനെ ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് പോലീസ് ഇട്ട പോസ്റ്റാണ് ഷെയർ ചെയ്യപ്പെട്ടത്.
ഡിസിആർബി ഉദ്യോഗസ്ഥന്റെ പേരും നന്പരുമടങ്ങിയ പോസ്റ്റ് വിശ്വസിക്കാമെന്നതിനാൽ അതിവേഗം ഷെയർ ചെയ്യപ്പെട്ടു.
കുട്ടിയെ തിരയാൻ നാട്ടുകാരും ഇറങ്ങി. ആലപ്പുഴയിൽ കുട്ടിയെ നഷ്ടപ്പെട്ട് ഇതുവരെ കണ്ടെത്താത്ത സംഭവമുള്ളതിനാൽ സൗത്ത് പോലീസും അന്വേഷണം ഊർജിതമാക്കി.
അയൽസംസ്ഥാന തൊഴിലാളികളായ ചിലരെ സംശയത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇതിനിടെ വീട്ടിനുള്ളിൽ വീട്ടുകാർതന്നെ തെരച്ചിൽ നടത്തി. അലമാരയുടെ ഇടയിൽ നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
രാവിലെ വീട്ടിൽനിന്നാരോ എറണാകുളത്ത് പോയതിൽ പിണങ്ങി കുട്ടി ഒളിച്ചിരിക്കുകയായിരുന്നു.
കളി കാര്യമായെന്നു മനസിലായ കുട്ടി ഭയപ്പെട്ട് പുറത്തുവരാൻ മടിച്ചാണ് അവിടെതന്നെയിരുന്നതെന്ന് സൗത്ത് പോലീസ് പറഞ്ഞു. അലമാരയുടെ പിറകിലൊളിച്ച കുട്ടി അവിടെയിരുന്ന് ഉറങ്ങിപ്പോയതാണെന്നും പറയുന്നു.