ആധുനികചരിത്രത്തില് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, മുന്‍നിര കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച തിരോധാനമാണ് മഡ് ലീന്‍ ബെത്ത് മക്കാന് മിസിംഗ് കേസ്. ഒടുവില്‍, ഒരു തുമ്പും കിട്ടാതെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
2007ല്‍, അതായത് പതിനാറു വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു മഡ്ലീന് ബെത്ത് മക്കാന് എന്ന മൂന്നു വയസുകാരിയായ ബ്രിട്ടീഷ് പെണ്‍കുട്ടിയെ കാണാതാകുന്നത്.
പോര്‍ച്ചുഗലിലെ പ്രെയ് ഡ ലൂസിലെ അപ്പാര്‍ട്ട്മെന്റിലെ കിടപ്പുമുറിയില്‍ അത്താഴം കഴിച്ചശേഷം തന്റെ ഇരട്ട സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുഞ്ഞു മഡ്ലീന്. പിന്നീട് മഡ്ലീനെ ആരും കണ്ടിട്ടില്ല.
എന്നാൽ, ആ പെണ്‍കുട്ടി താനാണെന്ന് അവകാശപ്പെട്ട് പോളണ്ടില്‍നിന്നുള്ള ഒരു യുവതി ഇപ്പോൾ ലോകത്തിനുമുന്നില്‍ എത്തിയിരിക്കുന്നു.
ജൂലിയ വെന്‍ഡല്‍ എന്നാണ് യുവതിയുടെ പേര്. പ്രായം 23. സോഷ്യല്‍ മീഡിയയിലാണ് ജൂലിയ എന്ന മഡ്ലീന് ബെത്ത് മക്കാന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
തന്നെ തട്ടിക്കൊണ്ടുപോയത് ജര്‍മന്‍ പൗരനാണെന്നും അയാള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന മനോരോഗി (Pedophile) യാണെന്നും വെളിപ്പെടുത്തുകയുണ്ടായി ജൂലിയ.
മക്കാന് കുടുംബത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ അവര്‍ ഒരുങ്ങുകയാണെന്നുമുള്ള കാര്യങ്ങളും ജൂലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
2003 മേയ് 12നാണ് മഡ്ലീന് ബെത്ത് മക്കാന്റെ ജനനം. മഡ് ലീന്റെ മാതാപിതാക്കളായ കെയ്റ്റ് മക്കാനും ഗാരി മക്കാനുമായി വളരെയധികം രൂപസാദൃശ്യമുണ്ട് യുവതിക്ക്.
കാണാതാകുമ്പോള്‍ മഡ്ലീന്റെ കണ്ണിനു ചെറിയ വൈകല്യമുണ്ടായിരുന്നു. ആ വൈകല്യം ജൂലിയയ്ക്കുമുണ്ട്. മക്കാന് കുടുംബം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ റിസ്ക് എടുക്കുന്നില്ലെന്നു കുടുംബാംഗങ്ങളുമായി ബന്ധമുള്ള ഒരാൾ പറഞ്ഞു.
“മഡ് ലീന്‍ താനാണെന്ന് അവകാശപ്പെട്ട് എത്തിയ യുവതിയുമായി ബന്ധപ്പെട്ടരേഖകള്‍ പരിശോധിക്കും. ജൂലിയയ്ക്കു കാണാതായ മഡ്ലീന്റെ മാതാപിതാക്കളുമായി സാമ്യമുണ്ട്.
ചിലപ്പോള്‍ അവള് പറയുന്നതു ശരിയായിരിക്കാം. എന്നാല്‍, അതെല്ലാം സ്ഥിരീകരിക്കേണ്ടതുണ്ട്’- അയാള്‍ പറഞ്ഞു.
മഡ്ലീന് ബെത്ത് മക്കാന് തിരോധാനത്തെക്കുറിച്ച് ജൂലിയ വെന്‍ഡല്‍ അറിഞ്ഞിരുന്നില്ല. വളര്‍ന്നപ്പോള്‍, തന്നെ സംരക്ഷിക്കുന്നവരോടു കുട്ടിക്കാലത്തെക്കുറിച്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലാണു താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാവധാനം വെളിപ്പെട്ടുവരുന്നത്.
മഡ്ലീനെക്കുറിച്ചുള്ള അന്വേഷണം താന്‍ തുടര്‍ന്നെന്നും അന്നത്തെ പെണ്‍കുട്ടിക്ക് എന്താണു സംഭവിച്ചതെന്നു കണ്ടെത്തിയെന്നും ജൂലിയ വെളിപ്പെടുത്തുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം വിട്ടുപോയ കണ്ണികളെ കണ്ടെത്തി; ഇനിയതു വിളക്കിച്ചേര്‍ക്കണം, അതാണു ജീവിതാഗ്രഹമെന്നും ജൂലിയ പറയുന്നു.