കോട്ടയം: ജില്ലയിൽ ഇന്നലെ അഞ്ചു യുവതികളെ കാണാതായി. ഇതിൽ ഒരു നഴ്സിനെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
28 വയസുള്ള നഴ്സിനെ കാണാതായ സംഭവത്തിൽ പൊൻകുന്നം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എലിക്കുളം പഞ്ചായത്തിലെ ആളുറുന്പ് ഭാഗത്തുള്ള നഴ്സ് വ്യാഴാഴ്ച രാത്രിയിൽ ഡ്യൂട്ടിക്ക് പോയതാണ്. സാധാരണ രാത്രി ഡ്യൂട്ടി കഴിഞ്ഞാൽ പിറ്റേന്നു രാവിലെ ഒൻപതു മണിക്കകം എത്തേണ്ടതായിരുന്നു.
പത്തു മണിയായിട്ടും വരാതായപ്പോൾ വീട്ടുകാർ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഡ്യൂട്ടിക്ക് അവിടെ എത്തിയില്ല എന്നറിഞ്ഞത്. 11 മണിയായപ്പോൾ മകൾ അച്ഛനെ വിളിച്ച് എന്നെ അന്വേഷിക്കേണ്ട, എന്റെ കല്യാണം കഴിഞ്ഞു എന്നു പറഞ്ഞു. ഇതേ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നല്കിയത്.
ഒരു യുവാവുമായി യുവതിക്ക് പ്രണയമുണ്ടെന്നു വീട്ടുകാർക്ക് സംശയമുണ്ടായിരുന്നു. ആ വഴിക്ക് അന്വേഷണം നടത്തിയപ്പോൾ യുവാവ് വിദേശത്താണെന്ന് മനസിലായി. ഇതോടെ യുവതി ആർക്കൊപ്പം പോയി എന്നു പോലും അറിയാനാകാതെ വിഷമിക്കുകയാണ് വീട്ടുകാർ. മകൾ തന്നെയാണോ അച്ഛനെ വിളച്ചതെന്നു പോലും ഇപ്പോൾ സംശയിക്കുന്നു.
വൈക്കത്ത് ഭർത്താവിനൊപ്പം കിടന്നുറങ്ങിയ 31 വയസുള്ള ഭാര്യയെ കാണാതായി എന്നാണ് പരാതി. ഭർത്താവിന്റെ മൊബൈൽ ഫോണും കാണാനില്ല. വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷമായെങ്കിലും കുട്ടികളില്ല. ഇതേ ചൊല്ലിയുള്ള അസ്വാരസ്യത്തിനിടെ ഭാര്യക്ക് മറ്റേതോ ചുറ്റിക്കളിയുണ്ടെന്നും സംശയമുയർന്നിരുന്നു. ഇതേ ചൊല്ലിയുള്ള വഴക്കിൽ ഇരുവരും രമ്യതയിലല്ലായിരുന്നു.കറുകച്ചാലിൽ നിന്ന് ഇന്നലെ രണ്ടു യുവതികളെയാണ് കാണാതായത്.
കണിച്ചുകുളം ഭാഗത്ത് രണ്ടു കുട്ടികളുടെ മാതാവായ 26 കാരിയെ കാണാനില്ല എന്ന് ഭർത്താവാണ് പരാതി നല്കിയത്. ചങ്ങനാശേരിയിലെ ഭർതൃ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തി രണ്ടു കുട്ടികളെ വീട്ടിൽ ഏൽപ്പിച്ച ശേഷം മുങ്ങുകയായിരുന്നു. കങ്ങഴയിൽ നിന്ന് 18 വയസുള്ള യുവതിയെ കാണാനില്ല എന്നാണ് മറ്റൊരു പരാതി. സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ യുവതി പിന്നീട് മടങ്ങി വന്നില്ല. മറ്റൊരു യുവാവിനൊപ്പം പോയി എന്നാണ് അനുമാനിക്കുന്നത്.
യുവതിയെ കാണാതായതിന് എരുമേലി പോലീസും ഇന്നലെ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.