പത്തനംതിട്ട: ഗവിയിലെ ഭൂലോകലക്ഷ്മിയെന്ന വീട്ടമ്മയുടെ തിരോധാനത്തെ സംബന്ധിച്ച അന്വേഷണം ഏഴുവർഷം പിന്നിടുന്പോഴും കാര്യമായ പുരോഗതിയില്ല. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും കേസിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
കാടിനു നടുവിൽ നിന്നു കാണാതായ തന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടോ ആരെങ്കിലും അപായപ്പെടുത്തിയോ എന്നറിയണമെന്ന് ഭൂലോക ലക്ഷ്മിയുടെ ഭർത്താവ് ദാനിയേൽകുട്ടി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അന്വേഷണത്തിനു സഹായകമാകുന്ന തരത്തിൽ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ഫോണ് സംഭാഷണം പോലീസിനു കൈമാറിയിട്ടും തുടർ നടപടിയുണ്ടായില്ല. ഭൂലോക ലക്ഷ്മിയെ വനംവകുപ്പിന്റെ ജീപ്പിൽ പുറത്തേക്കു കടത്തിക്കൊണ്ടു പോയെന്ന സൂചനയാണ് സംഭാഷണത്തിലുളളതെന്ന് ദാനിയേൽകുട്ടി പറഞ്ഞു.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്തിൽ നടത്തിയ അന്വേഷണം 2016ൽ കൊല്ലം ഡിവൈഎസ്പിക്കു കൈമാറിയിരുന്നു.2011 ഓഗസ്റ്റ് 13ന് രാത്രിയിലാണ് കൊച്ചുപന്പ ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ഏഴാം നന്പർ ക്വാർട്ടേഴ്സിലെ താമസക്കാരിയായ ഭൂലോക ലക്ഷ്മിയെ കാണാതായത്. മക്കൾ തമിഴ്നാട്ടിൽ പഠിക്കുകയും ദാനിയേൽകുട്ടി ഫോറസ്റ്റ് ഗാർഡ് ഡ്യൂട്ടിയിലുമായിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
മൂഴിയാർ പോലീസ് അന്വേഷിച്ച കേസിൽ തുന്പൊന്നും ലഭിക്കാത്തതിനാലാണ് ആലപ്പുഴ ക്രൈബ്രാഞ്ചിനെ ഏല്പിച്ചത്. ഇതിലും പുരോഗതിയുണ്ടാകാതിരുന്നതിനാൽ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്് കൈമാറുകയായിരുന്നു.കാണാതായ ദിവസം രാത്രി എട്ടുവരെ ഭൂലോക ലക്ഷ്മി ക്വാർട്ടേഴ്സിലുണ്ടായിരുന്നു.
ദാനിയേൽകുട്ടിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം രാവിലെ ദാനിയേൽ കുട്ടി ഭൂലോക ലക്ഷ്മിയെ വിളിച്ചപ്പോൾ പരിധിക്കു പുറത്തായിരുന്നു. താമസ സ്ഥലത്തു നിന്ന് പണമോ ആഭരണമോ നഷ്ടപ്പെട്ടിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ ഗവി വനത്തിൽ പരിശോധന നടത്തിയിരുന്നു. വനംവകുപ്പ് ജീവനക്കാർ അറിയാതെ പ്രദേശത്തു നിന്ന് ഒരുവാഹനവും പുറത്തേക്കുപോകില്ല.
തനിക്കു സംശയമുളള ഒരു ഉദ്യോഗസ്ഥൻ പെട്ടന്നു സ്ഥലം മാറിപ്പോയതിൽ ദുരൂഹതയുണ്ടെന്ന് ദാനിയേൽകുട്ടി പറഞ്ഞു. ഇയാളെക്കുറിച്ച് നാട്ടുകാർക്കും മോശം അഭിപ്രായമായിരുന്നു. ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടും നുണപരിശോധനയ്ക്ക് ഇയാൾ തയാറായിട്ടില്ല.
വനംവകുപ്പും കെഎഫ്ഡിസിയും തമ്മിലുളള അധികാര വടംവലിയിൽ തന്നെയും ഭാര്യയേയും വനംവകുപ്പ് ജീവനക്കാർ ഭീഷണിപ്പെടുത്തിയത് പോലീസിനെ അറിയിച്ചിരുന്നതാണെന്ന് ദാനിയേൽകുട്ടി പറഞ്ഞു. അന്വേഷണം ഉൗർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
ഭൂലോക ലക്ഷ്മിയുടെ തിരോധാനത്തെപ്പറ്റിയുളള അന്വേഷണം നുണപരിശോധനയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വനംവകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു.
ഇവരിൽ ഒരാളിൽ മാത്രമാണ് നുണപരിശോധന നടത്തിയത്. മറ്റുളളവർ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരിശോധനയ്ക്ക് വിസമ്മതിച്ചു. ദാനിയേൽകുട്ടിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണം തുടരാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.