അടിമാലി ; കോട്ടയം പാന്പാടി ചെന്പൻകുഴിയിലെ വീട്ടിൽ നിന്നും കാണാതായ അച്ഛനും മകളും കല്ലാർകുട്ടി ഡാമിൽ ചാടിയതായി അഭ്യൂഹം.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാർകൂട്ടി പാലത്തിനടുത്ത് കണ്ടെത്തി. ഇന്നലെ രാത്രി എട്ടോടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തിയത്.
തെരച്ചിൽ തുടരുന്നു
പോലീസ് രാവിലെ മുതൽ അന്വേഷണം നടത്തി. ഫയർഫോഴ്സിന്റെ സ്കൂബാ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇവർ ജലാശയത്തിൽ ചാടിയതിന്റെ മറ്റു ലക്ഷണങ്ങൾ കണ്ടെത്തിയില്ല.
ഇന്നലെ കാണാതായവർ
പാന്പാടി കുരുവിക്കാട്ടിൽ ബിനീഷ് , മകൾ പാർവതി എന്നിവരെ ഇന്നലെ മുതൽ കാണാനില്ലെന്ന് പാന്പാടി പോലീസിൽ പരാതി ലഭിച്ചിരുന്നു. ബിനീഷ് മരപ്പണിക്കാരനും പാർവതി പ്ലസ് വണ്‍ വിദ്യാർഥിനിയുമാണ്.
ഇന്നലെ രാവിലെ 11.30 തോടെയാണ് ഇവരെ കാണാതായതായി ബന്ധു ബിജു പാന്പാടി പോലീസിൽ അറിയിച്ചത്.വൈകുന്നേരം വരെ വീട്ടുകാർ പല സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് ബിജു സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകിയത്.
അടിമാലിക്കു സമീപം
തുടർന്ന് പോലീസ് ബിനീഷ് ഉപയോഗിച്ചിരുന്ന ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അടിമാലിക്ക് സമീപമുള്ള പ്രദേശങ്ങളിൽ എത്തിയതായി കണ്ടെത്തി.
തുടർന്ന് പാന്പാടി പോലീസ് വിവരം അടിമാലി പോലീസിന് കൈമാറി. അടിമാലി പോലീസ് രാത്രി നടത്തിയ തെരച്ചിലിലാണ് ബൈക്ക് കണ്ടെത്തിയത്.