ആലപ്പുഴ: ജില്ലാ കോടതി പരിസരത്തു നിന്ന് കാണാതായ അഭിഭാഷക കോട്ടയത്തുണ്ടെന്ന് പോലീസ.് വ്യാഴാഴ്ചയാണ് അഭിഭാഷകയായ ആലപ്പുഴ സ്വദേശി ദേവി ആർ. രാജിനെ(48) കാണാതായത്.
ദേവിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയെ തുടർന്ന് നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇവരുടെ കാറും ബാഗും ജില്ലാ കോടതിവളപ്പിൽ കണ്ടെത്തിയിരുന്നു. സഹപ്രവർത്തകരായ അഭിഭാഷകർ തമ്മിലുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.
അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ തർക്കം സംബന്ധിച്ച് കുറിപ്പ് പ്രചരിച്ചിരുന്നു. കൂടാതെ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റും ഇവർ ഇട്ടിരുന്നു.
സംഘടനയിലെ വ്യക്തിതാത്പര്യ അജണ്ടകൾക്കെതിരേ ശബ്ദമുയർത്തിയാൽ അപകടപെടുത്തുമെന്ന് ഭീഷണിയുണ്ടെന്നും തനിക്കോ സുഹൃത്തുക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആലപ്പുഴ ബാറിലെ ഒരു അഭിഭാഷകയായിരിക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇവരെ കാണാതായത്.
പുറത്താക്കിയെന്ന്…
സിപിഎം അനുകൂല സംഘടനയായ ഇന്ത്യൻ ലോയേഴ്സ് യൂണിയനിലെ അംഗമാണ് ദേവി. ഇവരുമായി വഴക്കുണ്ടായെന്ന് പറയുന്ന സഹപ്രവർത്തകരും ഇതേ യൂണിയനംഗങ്ങളാണ്.
അഭിഭാഷകർ തമ്മിലുള്ള പ്രശ്നം യൂണിയൻ കഴിഞ്ഞദിവസം ചർച്ച ചെയ്തിരുന്നു. ഇവരെ യൂണിയനിൽ നിന്ന് പുറത്താക്കിയെന്ന് പ്രചരണമുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണമില്ല.
ദേവിയുടെ മെബൈൽ ഫോണ് വ്യാഴാഴ്ച രാത്രി മുതൽ സ്വിച്ച് ഓഫായിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടോടെയാണ് ദേവി നോർത്ത് സ്റ്റേഷൻ എസ്ഐയെ ഫോണിൽ വിളിച്ച് താൻ കോട്ടയത്തുണ്ടെന്നും ഇന്ന് നേരിൽ ഹാജരാകുമെന്നും വ്യക്തമാക്കിയത്.
നടപടിയില്ലെങ്കിൽ…
ലോയേഴ്സ് യൂണിയന്റെ ഭാരവാഹികൾ ദേവിയെ കൂടാതെ മറ്റു ചില വനിതാ അഭിഭാഷകരെയും ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുയർന്നിട്ടുണ്ട്.
അഭിഭാഷകരെ ഭീഷണിപ്പെടുത്തിയ ലോയേഴ്സ് യൂണിയൻ നേതാക്കളായ മൂന്നു പേർക്കെതിരേ നടപടി ആവശ്യപ്പെട്ട് അന്പതോളം വനിതാ അഭിഭാഷകർ ഒപ്പിട്ട പരാതി ആലപ്പുഴ ബാർ അസോസിയേഷന് നൽകി.
ഒരാഴ്ചയ്ക്കുള്ളിൽ പൊതുയോഗം വിളിച്ചു കൂട്ടി നടപടിയെടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരം തുടങ്ങുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
അതിനിടെ കാണാതാകും മുന്പ് മുതിർന്ന അഭിഭാഷകർക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ സിപിഎം യൂണിയനിലെ നേതാക്കൾക്കെതിരേ നിരവധി ആരോപണങ്ങളാണ് ദേവി ഉന്നയിച്ചിരുന്നത്.
ജനപ്രതിനിധിയായ സിപിഎം നേതാവിന്റെ ഭാര്യയായ അഭിഭാഷകയ്ക്കെതിതിരേയും ഗുരുതരമായ ആരോപണം ഉണ്ട്.
യൂണിയൻ നേതാവിന്റെ വഴിവിട്ട ബന്ധങ്ങൾ പുറത്തറിഞ്ഞതിനെ ചൊല്ലിയുള്ള ഭിന്നതയാണ് അച്ചടക്ക നടപടിയിലേക്കും തുടർന്ന് അഭിഭാഷകയുടെ തിരോധാനത്തിലേക്കും നയിച്ച സംഭവങ്ങൾക്കിടയാക്കിയതെന്നാണ് പറയുന്നത്.