അമ്പലപ്പുഴ: വഴി തെറ്റിയ എട്ട് വയസുകാരന് തുണയായി അങ്കണവാടി അധ്യാപിക . അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 63-ാം നമ്പർ അങ്കണവാടി അധ്യാപിക പുറക്കാട് പുന്തല ലൈജു ഭായിയാണ് കുട്ടിക്ക് രക്ഷകയായത്.
ഇന്നലെ വൈകുന്നേരം 5.30 ഓടെ അമ്പലപ്പുഴയിലായിരുന്നു സംഭവം.വിനോദയാത്രക്ക് പോയ തിരുനെൽവേലി കുടുംബം അമ്പലപ്പുഴ ജംഗ്ഷന് സമീപം കടയിൽ ചായ കുടിക്കാനിറങ്ങിയ സമയത്ത് ഇവർക്കൊപ്പം വന്ന എട്ട് വയസുകാരനെ കാണാതാകുകയായിരുന്നു.
ഈ സമയം വീട്ടിലേക്ക് മടങ്ങാൻ ജംഗ്ഷനിലെത്തിയപ്പോൾ ഒരു കുട്ടി കരയുന്നത് ലൈജു ഭായിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വിവരങ്ങൾ തിരക്കിയപ്പോൾ തന്റെ മാതാപിതാക്കളെ കാണുന്നില്ലെന്നായിരുന്നു കുട്ടി പറഞ്ഞത്. ഉടൻ തന്നെ കുട്ടിയെ ലൈജു ഭായ് അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ചു.
അൽപ്പം കഴിഞ്ഞപ്പോൾ കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി അറിയിച്ചു.പോലീസ് പറഞ്ഞതനുസരിച്ച് മാതാപിതാക്കൾ സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റു വാങ്ങി.
തങ്ങളുടെ കുട്ടിയെ തിരികെയേൽപ്പിച്ച ലൈജു ഭായിയുടെ പുന്തലയിലെ വസതിയിലും ഈ കുടുംബം സന്ദർശിച്ചു.