ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: കുടുംബത്തിന്റെ അത്താണിയായിരുന്ന മകൻ അഞ്ചുവർഷം മുന്പ് കുവൈറ്റിൽ അപകടത്തിൽ മരിച്ചതോടെ ദുരിതക്കയത്തിലായ അമ്മയുടെ കണ്ണീരുകാണാൻ ആരുമില്ല.പാറപ്പുഴ കോരിയക്കുന്നേൽ പരേതനായ അഗസ്റ്റിന്റെയും ത്രേസ്യാമ്മയുടെയും മകൻ അനിൽ (27)ആണ് 2014 മേയിൽ കുവൈറ്റിലെ സ്വകാര്യ കന്പനിയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചത്. ബഹുനില മന്ദിരത്തിൽ ജോലി ചെയ്യുന്നതിനിടെ കൂറ്റൻകേബിൾ തലയിൽ പതിച്ചായിരുന്നു അപകടം. പിന്നീട് കുവൈറ്റിലെ മലയാളികളുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.
മകന്റെ മരണത്തിന് അഞ്ചുവർഷം മുന്പാണ് കാൻസർ ബാധിച്ച് ത്രേസ്യാമ്മയുടെ ഭർത്താവ് അഗസ്റ്റിൻ മരണമടയുന്നത്. ഇതോടെ ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ മകൻ അനിലിലായിരുന്നു. നാട്ടിൽ പ്ലംബിംഗ് ജോലികളുമായി കഴിഞ്ഞുവന്നിരുന്ന അനിൽ 2013ലാണ് കുടുംബം പോറ്റാനുള്ള മോഹവുമായി കുവൈറ്റിലേക്ക് വിമാനം കയറിയത്. അവിടെയെത്തി സ്വകാര്യകെട്ടിട നിർമാണ കന്പനിയിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് കുടുംബത്തിന്റെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി അപകട മരണമുണ്ടാകുന്നത്.
മകന്റെ വിയോഗത്തോടെ ത്രേസ്യാമ്മയും മകളും വീട്ടിൽ തനിച്ചായി. പിന്നീട് മകളെ വിവാഹം കഴിച്ചയച്ചതോടെ ഒറ്റപ്പെടലിന്റെ നൊന്പരങ്ങളുമായി ജീവിതം തള്ളിനീക്കുകയാണ് ത്രേസ്യാമ്മ. 20 സെന്റ് സ്ഥലവും കൊച്ചുകൂരയും മാത്രമുള്ള ഇവർ കൂലിപ്പണിയെടുത്താണ് അന്നന്നത്തെ അപ്പത്തിനു വക കണ്ടെത്തുന്നത്. ഇപ്പോൾ പ്രായാധിക്യത്തിലെത്തിയതോടെ കൂലിപ്പണിക്കും പോകാനാവാത്ത സ്ഥിതിയായി.
മകന് അപകട മരണം സംഭവിച്ച് അഞ്ചരവർഷം കഴിഞ്ഞിട്ടും അർഹമായ നഷ്ടപരിഹാരം ലഭ്യമാകാത്തതു നിർധനയായ ഈ വീട്ടമ്മയുടെ ദുരിതം വർധിപ്പിക്കുകയാണ്. കുവൈറ്റ് കോടതിയിലുള്ള കേസിന്റെ പുരോഗതി സംബന്ധിച്ച് എംബസിയിൽനിന്നു യാതൊരു വിവരവും ഇവർക്കു ലഭിക്കുന്നുമില്ല.
അനിൽ ജോലി ചെയ്തുവന്നിരുന്ന സ്വകാര്യകന്പനി അധികൃതർ നഷ്ടപരിഹാരമായി പണം നൽകാമെന്നു നേരത്തെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തുച്ഛമായ തുകയായിരുന്നതിനാൽ ഇന്ത്യൻ എംബസി വഴി കുവൈറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കേസ് കോടതിയിൽ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും തീർപ്പാകാത്തതിനാൽ തീരാദുരിതവും തോരാ കണ്ണീരുമായി കഴിയേണ്ട ദുരവസ്ഥയിലാണ് ഇവർ.
അതിനിടെ പ്രളയത്തിൽ വെള്ളം കയറി വീട്ടുപകരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നശിച്ചതോടെ ത്രേസ്യാമ്മയുടെ ജീവിതം കൂടുതൽ ദൈന്യതയിലായി. മകന്റെ നഷ്ടപരിഹാരക്കേസിൽ എത്രയും വേഗം തീർപ്പുണ്ടാകുന്നതിന് എംബസിയുടെ ഭാഗത്തുനിന്നു ഫലപ്രദമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ ഇവരുടെ ദുരിതത്തിന് അറുതിയാകൂ. ഇക്കാര്യത്തിൽ ജനപ്രതിനിധികളും വിദേശകാര്യമന്ത്രാലയവും ആവശ്യമായ ഇടപെടൽ നടത്തണമെന്നാണ് ഈ വീട്ടമ്മയുടെ ആവശ്യം.