നെടുമ്പാശേരി: വിദ്യാലയത്തിലേയ്ക്കു പോയ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭം ആരംഭിക്കുന്നു. കുന്നുകര ചാലാക്കൽ കോന്നം ബഷീറിന്റെ മകൾ അൻസിയയെയാണ് കഴിഞ്ഞ നവംബർ എട്ടു മുതൽ കാണാതായത്.
പഠിക്കുന്നതിനായി സ്കൂളിലേക്കു പോയ പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി പിന്നീട് മടങ്ങി വന്നിട്ടില്ല. അന്നുതന്നെ പിതാവ് പോലീസിൽ പരാതി നൽകിയെങ്കിലും പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേത്തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പെൺകുട്ടിയെ എത്രയുംവേഗം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവായെങ്കിലും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ഈ സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഗ്രാമപഞ്ചായത്തംഗം ടി.കെ. അജികുമാറിന്റെ അധ്യക്ഷതയിൽ ചാലാക്കൽ ഗവ. എൽപി സ്കൂളിൽ നടന്ന യോഗത്തിൽ ആക്ഷൻ കൗൺസിലിന് രൂപം നൽകി. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ-രക്ഷാധികാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ-ചെയർമാൻ, ടി.കെ. അജികുമാർ-കൺവീനർ എന്നിവരാണ് ഭാരവാഹികൾ.
യോഗത്തിൽ ഫ്രാൻസിസ് തറയിൽ, ചാലാക്കൽ ജമാഅത്ത് ഇമാം സിറാജുദീൻ അഹ്സനി, എം.എ. അബ്ദുൾ ജബ്ബാർ, സി.യു. ജബ്ബാർ, ഇ.എം. സബാദ്, ഷീബ കുട്ടൻ, വി.എസ്. മനോഹരൻ, ജി. സതീഷ് കുമാർ, ഷജിൻ ചിലങ്ങര, കെ.കെ. കരീം, ഡേവീസ് പനയ്ക്കൽ, കെ.എ. കരീം, ഷെജീർ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.