കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ പ്രതികളെ ആറ് വയസുകാരി തിരിച്ചറിഞ്ഞില്ല. തമിഴ്നാട്ടിലെ തെങ്കാശി പുളിയറയിൽ ദമ്പതികളും മകളും പിടിയിലായതിന് പിന്നാലെ പോലീസ് ഇവരുടെ ചിത്രങ്ങൾ കുട്ടിയെ വീട്ടിലെത്തി മൊബൈലിൽ കാണിച്ചു. എന്നാൽ ഇവരെ അറിയില്ലെന്ന മറുപടിയാണ് കുട്ടി നൽകിയത്.
ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് പോലീസ് പിടിയിലായത്. അടൂർ എആർ ക്യാമ്പിൽ എത്തിച്ച പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നാണ് പത്മകുമാർ പോലീസിനോട് വ്യക്തമാക്കിരിക്കുന്നത്.
അറസ്റ്റിലായ പത്മകുമാറിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പ്രാഥമിക വിവരം. ഭാര്യ അനിത തൊഴിരഹിതയാണ്. അയൽവാസികളുമായി അത്ര അടുപ്പമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചാത്തന്നൂരിലെ കുടുംബത്തിന്റെ ഇരുനില വീടിന്റെ മുറ്റത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന കാർ പാർക്ക് ചെയ്തിട്ടുണ്ട്.
കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും ഡ്രൈവറും രാവിലെ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഉച്ചയ്ക്ക് 2.30 ഓടെ തെങ്കാശി പുളിയറയിൽ മൂവരും താമസിച്ച ഹോട്ടലിൽ നിന്നാണ് അറസ്റ്റുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വെർണ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആറ് വയസുകാരിയുടെ പിതാവുമായി പത്മകുമാറിനുണ്ടായ സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ ഇടപാട് ഉണ്ടായിരുന്നത്.