കോട്ടയം: അറുപറയിൽ നിന്ന് ഒന്നര വർഷം മുന്പു കാണാതായ ദന്പതികൾക്കായി പോലീസിന്റെ അവസാനവട്ട തെരച്ചിൽ. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കാണാതായ ഹാഷിമിന്റെ പിതാവ് ഹൈക്കോടതിയിൽ നല്കിയ ഹർജി ഇനി അടുത്ത 19നാണ് പരിഗണിക്കുന്നത്. അതിനു മുൻപേ ക്രൈംബ്രാഞ്ച് പോലീസ് അവസാനവട്ട തെരച്ചിൽ നടത്തുകയാണ്. ഹൈക്കോടതി ജഡ്ജി സുനിൽ തോമസാണ് കേസ് പരിഗണിച്ചത്.
പോലീസിന്റെ കേസ് ഡയറി ഫയൽ ഹൈക്കോടതി പരിശോധിച്ചു. വീണ്ടും സമയം വേണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഇവർക്ക് സമയം അനുവദിച്ചത്. പ്രമുഖ അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന നല്കിയ കേസ് 19ന്് പരിഗണിക്കുന്നതിനു മുൻപ് എന്തെങ്കിലും തുന്പ് കിട്ടിയില്ലെങ്കിൽ അന്വേഷണം സിബിഐയെ ഏൽപിക്കാനാണ് സാധ്യത.
ഇന്നലെ വേന്പനാട്ടു കായൽ, കായലിലേക്കുള്ള തോടുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു ക്രൈംബ്രാഞ്ച് വീണ്ടും തെരച്ചിൽ നടത്തിയത്. സീഡാക്കിന്റെ പ്രത്യേക സ്കാനർ ഉപയോഗിച്ചാണ് ഇന്നലെ തെരച്ചിൽ നടത്തിയത്.ഇന്നലത്തെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്. 2017 ഏപ്രിൽ ആറിനാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42) ഭാര്യ ഹബീബ(37) എന്നിവരെ കാണാതായത്.
ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് ഡിവൈഎസ്പി സേവ്യർ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മുന്പു സ്കാനർ ഉപയോഗിച്ചു പലയിടങ്ങളിലും തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും അന്വേഷണം ഫലം കണ്ടിരുന്നില്ല. മുന്പു വഴിയോരത്തെ ജലാശയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
വേന്പനാട്ട് കായലിലേക്കു റോഡ് മാർഗം എത്തുന്ന ഭാഗങ്ങൾ, തോടുകൾ എന്നിവിടങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വെള്ളത്തിന്റെ അടിത്തട്ടിൽ പരിശോധിക്കാൻ ശേഷിയുള്ള സ്കാനർ ഉപയോഗിച്ചാണു പരിശോധന. കുമരകം, ചീപ്പുങ്കൽ ഭാഗങ്ങളിൽ ഇന്നലെ നടത്തിയ അന്വേഷണത്തിൽ കാര്യമായ വിവരങ്ങളൊന്നും ലഭ്യമായില്ല.
ഇന്നു കുമരകം, അറുപുഴ, താഴത്തങ്ങാടി മേഖലകളിൽ തെരച്ചിൽ നടത്തും.ഭക്ഷണം വാങ്ങാനെന്ന പേരിൽ രജിസ്റ്റേർഡ് വാഗണ് ആർ കാറിൽ പുറത്തുപോയ ദന്പതികളെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.
കോട്ടയം, ഇടുക്കി ജില്ലകളും തീർഥാടന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും നിർണായക വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ അജ്മീറിൽ ദന്പതികളെ കണ്ടിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇവിടെയെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പീന്നീട് കാസർകോഡ് ഭാഗത്തുനിന്നു കണ്ടെന്ന വിവരവും സ്ഥിരീകരിക്കാൻ ആവശ്യമായ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.