സി.സി.സോമൻ
കോട്ടയം: അറുപറയിൽ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായ കേസ് സിബിഐ ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച് ഹാഷിമിന്റെ പിതാവ് അബ്ദുൾഖാദർ അഭിഭാഷകനായ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന ഹൈക്കോടതിയിൽ നല്കിയ ഹർജിയിൽ ഹോം സെക്രട്ടറിയോട് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.
പോലീസ് ഇതുവരെ നടത്തിയ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാനാണ് ഹൈക്കോടതി ജഡ്ജി സുനിൽതോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അടുത്ത 19ലേക്ക് മാറ്റി.
2017 ഏപ്രിൽ ആറിനാണ് ദന്പതികളെ കാണാതായത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ ഇതുവരെ ഒരു തുന്പും കണ്ടെത്താൻ സാധിച്ചിട്ടില്ല. രണ്ടു മനുഷ്യരെയും ഒരു വാഗണ് ആർ കാറും കാണാതായിട്ടും ഒരു വിരവും ലഭിക്കാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജിക്കാർക്കു വേണ്ടി ടോം ജോസ് പടിഞ്ഞാറേക്കര കോടതിയിൽ വാദിച്ചു. ഇതേ തുടർന്നാണ് ഹോം സെക്രട്ടറിയോട് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.
2017 ഏപ്രിൽ ആറിന് രാത്രി ഒൻപത് മണിയോടെ കോട്ടയം ടൗണിൽ ഭക്ഷണം വാങ്ങാൻ പോയ ദന്പതികളെ പിന്നീട് ആരും കണ്ടിട്ടില്ല. രാജ്യത്തെ ഒരു സിസിടിവി ദൃശ്യങ്ങളിൽ പോലും പതിയാതെ ഈ വാഹനം എവിടേക്കാണ് പോയതെന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നു. വാഹനം കുളത്തിലോ തോട്ടിലോ വീണെന്ന നിഗമനത്തിൽ സമീപ പ്രദേശങ്ങളിലെ ആറും തോടുമെല്ലാം അരിച്ചു പെറുക്കി.
ഹൈറേഞ്ചിലെ കൊക്കയിലും ആഴമേറിയ ഭാഗങ്ങളിലും വരെ തെരച്ചിൽ നടത്തി. കേരളത്തിലും പുറത്തുമുള്ളനിരവധി സ്ഥലങ്ങൾ, ധ്യാന കേന്ദ്രങ്ങൾ , സുഖവാസ കേന്ദ്രങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പോലീസിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷണം നടത്തിയിട്ടും ഒരു വിവരവും ലഭിക്കാൻ സാധിച്ചില്ല.
ലോക്കൽ പോലീസ് അന്വേഷിച്ച് ഒരു വിവരവും കിട്ടാതാപ്പോളാഴ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അവർക്കും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഒരാഴ്ച മുൻപ് ക്രൈംബ്രാഞ്ച് സംഘം ആജ്മീരിൽ വരെ എത്തി അന്വേഷണം നടത്തിയിട്ടും തുന്പൊന്നും ലഭിച്ചിരുന്നില്ല.