കോട്ടയ്ക്കൽ: ഇരുപത്തിയേഴു ദിവസങ്ങൾക്കു മുന്പ് കാണാതാവുകയും പിന്നീട് തൃശൂരിൽ നിന്നു കണ്ടെത്തുകയും ചെയ്ത എടരിക്കോട് ചുടലപ്പാറ സ്വദേശിനി ആതിരയെ ഇന്നു കോടതിയിൽ ഹാജരാക്കും. ശനിയാഴ്ച തൃശൂരിൽ നിന്നാണ് ആതിരയെ കണ്ടെത്തിയത്.
കോട്ടയ്ക്കൽ എസ്ഐ റിയാസ് ചാക്കീരിയും കുടുംബാംഗങ്ങളും ചേർന്നു ആതിരയെ നാട്ടിലെത്തിച്ചുവെങ്കിലും ഇന്നലെ കോടതി അവധിയായതിനാലാണ് ഇന്നു കോടതിയിൽ ഹാജരാക്കാൻ തീരുമാനിച്ചതെന്നു എസ്ഐ പറഞ്ഞു. കോളജിൽ ചേരാനെന്നു പറഞ്ഞു തന്റെ സർട്ടിഫിക്കറ്റുകളുമായി പോയ ആതിരയെ കാണാതാവുകയായിരുന്നു.
മൂന്നുവർഷമായി യുവാവുമായി പ്രണയത്തിലാണെന്നും ഇയാളുടെ കൂടെയാണ് പോയതെന്നും ചോദ്യം ചെയ്യലിൽ ആതിര പറഞ്ഞതായി പോലീസ് അറിയിച്ചു. വിവിധയിടങ്ങളിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ആതിരയെ കണ്ടെത്താൻ സഹായിച്ചത്.
കാണാതായി രണ്ടാഴ്ച കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താത്തതിൽ രക്ഷിതാക്കൾ പരാതിപ്പെട്ടതിന്റെ അടിസ്ഥനത്തിൽ കേസന്വേഷണം കോട്ടക്കൽ എസ്ഐയിൽ നിന്നു ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരുന്നു. കുട്ടിയെ ഇന്നു കോടതിയിൽ ഹാജരാക്കി രക്ഷിതാക്കളുടെ കൂടെ വിടുമെന്നും ഇതുമായി ബന്ധപ്പെട്ട് നാട്ടിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും കോട്ടയ്ക്കൽ എസ്ഐ റിയാസ് ചാക്കീരി അറിയിച്ചു.