കോട്ടയം: സ്വകാര്യ ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിൽ കോഴിക്കോട് സ്വദേശിക്കു നഷ്ടപ്പെട്ട ബാഗ് മണിക്കൂറുകൾക്കുള്ളിൽ തിരികെ ലഭിച്ചു.
കോഴിക്കോടുനിന്നും കോട്ടയം നാഗന്പടത്തെത്തിയ യുവാവിനാണ് വിലയേറിയ രേഖകളടങ്ങിയ നഷ്ടപ്പെട്ട ബാഗ് തിരികെ എത്തിച്ചു ബസ് ജീവനക്കാർ മാത്യകയായത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
കോഴിക്കോട് താമരശേരി സ്വദേശി അജ്മൽ ജോലി സംബന്ധമായാണ് കോട്ടയത്ത് എത്തിയത്. നാഗന്പടം സ്റ്റാൻഡിലിറങ്ങി തുടർ യാത്രയ്ക്കായി മറ്റൊരു ബസിൽ കയറിയപ്പോഴാണ് തന്റെ ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
കോട്ടയം -എറണാകുളം റൂട്ടിലോടുന്ന ജയകൃഷ്ണ ബസിലാണ് അജ്മലിന്റെ ബാഗു നഷ്ടപെട്ടത്. ബസിന്റെ ടിക്കറ്റുവെച്ച് അന്വേഷിച്ചപ്പോൾ ബസ് യാത്രക്കാരുമായി എറണാകുളത്തേക്ക് പോയതായി അറിഞ്ഞു.
തുടർന്ന് സ്റ്റാൻഡിൽ പാർക് ചെയ്തിരുന്ന മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരോട് വിവരം അറിയിക്കുകയായിരുന്നു. ഇവർ ജയകൃഷ്ണ ബസിലെ കണ്ടക്്ടർ സുബിനെ ഫോണ് വിളിച്ചപ്പോൾ ബസ് തലയോലപ്പറന്പ് സ്റ്റാൻഡിൽനിന്നും എറണാകുളത്തിനു പുറപ്പെട്ടതായി അറിഞ്ഞു.
ഉടനെ തന്നെ ജയകൃഷ്ണ ബസിലെ ജീവനക്കാർ ഇതേ റൂട്ടിൽ തിരികെ കോട്ടത്തേക്ക് വരുകയായിരുന്ന ആവേ മരിയ ബസിലെ ജീവനക്കാരുടെ കൈവശം നഷ്ടപ്പെട്ട ബാഗ് ഭദ്രമായി കൊടുത്തുവിടുകയായിരുന്നു.
ഏകദേശം ഒരു മണിക്കൂറിനുള്ളിൽ കോട്ടയത്തെത്തിയ ബസിലെ ജീവനക്കാർ അജ്മലിന് നഷ്ടപ്പെട്ട ബാഗ് കൈമാറി. നഷ്ടപ്പെട്ട ബാഗ് കണ്ടുപിടിച്ച് തിരികെ എത്തിച്ച ബസ് ജീവനക്കാർക്കു നന്ദി പറഞ്ഞാണ് അജ്മൽ യാത്ര തുടർന്നത്.