കോട്ടയം : കുഴിമറ്റത്തു നിന്ന് കാണാതായ ദന്പതികളിൽ ഭർത്താവ് എത്തി. എന്നിട്ടം ഭാര്യയെ കണ്ടെത്താനായില്ല. പനച്ചിക്കാട് കുഴിമറ്റം സദനം കവലയ്ക്ക് സമീപം പത്തിൽപറന്പ് ബിൻസി എന്ന നിഷ(37) ഭർത്താവ് മോനിച്ചൻ(42) എന്നിവരെ കഴിഞ്ഞ മാസം 17നാണ് കാണാതായത്. അന്നു രാത്രി ബിൻസിയുടെ വീട്ടിലുണ്ടായ വഴക്കിനെ തുടർന്നാണ് ഇരുവരെയും കാണാതായതെന്നാണ് ബിൻസിയുടെ മാതാവ് കുഞ്ഞുമോൾ പോലീസിന് നല്കിയ പരാതി.
പോലീസ് അന്വേഷണം നടക്കുന്നതിനിടെ മോനിച്ചൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. താൻ തനിച്ചാണ് പോയതെന്നും ഭാര്യയെ കാണാനില്ലെന്നുമാണ് ഇയാൾ പോലീസിനെ അറിയിച്ചത്. ഇതേ തുടർന്ന് ബിൻസിക്കു വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കി. ബിൻസിയും ഭർത്താവ് മോനിച്ചനും ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. ബിൻസിക്ക് ത്മിഴ്നാട് സ്വദേശിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് കുമരകത്തെ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ 17ന് മോനിച്ചൻ ബിൻസിയുടെ വീട്ടിലെത്തി. ഭാര്യയും ഭർത്താവുമായി വീണ്ടും വഴക്കുണ്ടായി. തുടർന്നാണ് ഇരുവരും പുറത്തേക്ക് ഓടിപ്പോയത്. ബിൻസി എവിടെയാണെന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല എന്നാണ് ചിങ്ങവനം പോലീസ് പറയുന്നത്.
ബിൻസിയെയും ഭർത്താവിനെയും ഒരുമിച്ചാണ് കാണാതായതെന്നായിരുന്നു ആദ്യ വിവരം. ഇത് വലിയ വിവാദമായിരുന്നു. അറുപുഴയിലെ ദന്പതികൾക്കു ശേഷം ചിങ്ങവനത്തും ദന്പതികളെ കാണാതായി എന്ന പ്രചാരണവുമുണ്ടായി. എന്നാൽ മോനിച്ചൻ മടങ്ങി വന്നതോടെ ഇത് കെട്ടടങ്ങി.