ചേർത്തല: കോടികളുടെ സ്വത്തിന് ഉടമയായ യുവതിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതം. കേസിലെ പ്രധാനിയെന്ന് സംശയിക്കുന്നയാൾ പോലീസിന്റെ പിടിയിലായതായാണ് സൂചന. കള്ളപ്രമാണങ്ങൾ ഉണ്ടാക്കുന്നതിനും വ്യാജരേഖകൾ ചമച്ചുകൊടുക്കുന്നതിനും കൂട്ടുനിന്ന പട്ടണക്കാടുള്ള ഒരു ആധാരം എഴുത്തുകാരനും സംശയത്തിന്റെ നിഴലിലാണ്.
ചേർത്തല ഡിവൈഎസ്പി എ.ജി ലാലിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ എം. സുധിലാൽ ആണ് കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. സംഭവത്തിനുപിന്നിൽ വൻ മാഫിയസംഘം ഉണ്ടായിരുന്നുവെന്നാണ് സൂചന.
കോടികൾ കൈക്കലാക്കിയശേഷം ഈ മാഫിയസംഘം യുവതിയെ കൊലപ്പെടുത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇറ്റലിയിലുള്ള കടക്കരപ്പള്ളി ആലുങ്കൽ ജംഗ്ഷന് സമീപം പത്മനിവാസിൽ പി. പ്രവീണ്‍കുമാറാണ് കാണാതായ സഹോദരി ബിന്ദു(44)വിന്റെ തിരോധാനം സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് പരാതി നൽകിയത്.
ഇവരുടെ പേരിലുള്ള കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ കൈമാറ്റം ചെയ്തിരിക്കുന്നത് വ്യാജരേഖകളുണ്ടാക്കിയാണെന്നാണ് ആക്ഷേപം. പള്ളിപ്പുറം സ്വദേശിയായ വസ്തു ഇടനിലക്കാരനുമായി ചേർന്നായിരുന്നു ഇടപാടുകൾ. ഡ്രൈവറായിരുന്ന ഇയാൾ പിന്നീട് വസ്തു ഇടപാടുകാരനായി മാറുകയായിരുന്നു. ബിന്ദുവിന്റെ കൈകളിലെത്തിയ സ്വത്തുക്കളുടെ ഇടപാടുകൾ നടത്തിയിരുന്നത് ഇയാൾ വഴിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
2002ൽ ബിന്ദുവിന്റെ മാതാപിതാക്കൾ മരിക്കുന്നതിനുമുന്പുതന്നെ രണ്ടുമക്കൾക്കുമായി സ്വത്തുക്കൾ വിൽപത്രത്തിലൂടെ വീതിച്ചിരുന്നു. ജോലി സംബന്ധമായ ആവശ്യത്തിന് പ്രവീണ്‍ വിദേശത്തേക്ക് പോയപ്പോൾ ബിന്ദു എംബിഎ പഠനത്തിന് ബംഗ്ളുരുവിലേക്ക് പോകുകയായിരുന്നു.
പിന്നീട് നാട്ടിലെത്തിയ ബിന്ദു ഈ മാഫിയകളുടെ കൈയിൽ പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. വീട്ടിലെ പത്തുലക്ഷത്തോളം രൂപ വിലയുള്ള സാധനസാമഗ്രികൾ വിൽക്കുകയും ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 100 പവനോളം വരുന്ന സ്വർണാഭരണങ്ങൾ, കടക്കരപ്പള്ളിയിലെ സഹകരണ സംഘത്തിലെ സ്ഥിരനിക്ഷേപം, മറ്റ് ബാങ്കുകളിൽ ഉണ്ടായിരുന്ന തുകയെല്ലാം ബിന്ദു പിൻവലിച്ചു.
കൂടാതെ പടിപടിയായി ആലുങ്കലിലുള്ള സ്വന്തം വീടും സ്ഥലവും ഇവിടെ തന്നെയുള്ള 1.66 ഏക്കർ സ്ഥലം, എറണാകുളത്തെ കോടികൾ വിലമതിക്കുന്ന സ്ഥലം കൂടാതെ സഹോദരൻ പ്രവീണിന്റെ ഭാര്യയുടെ പേരിൽ ചേർത്തലയിലുണ്ടായിരുന്ന വീടും സ്ഥലവും മറ്റൊരു 10 സെന്റും വില്പന നടത്തുകയായിരുന്നു. വിദേശത്തായിരുന്ന പ്രവീണ്‍ നാട്ടിലെത്തിയപ്പോഴാണ് ഇതെല്ലാം മനസിലാക്കുന്നത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ എറണാകുളത്തെ കോടികൾ വിലമതിക്കുന്ന വസ്തു വ്യാജ ആധാരം ചമച്ച് ആൾമാറാട്ടം നടത്തി വിറ്റതായും ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ തീറാധാരത്തിന് ഹാജരാക്കിയ പവർ ഓഫ് അറ്റോർണിയും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസൻസും വ്യാജമാണെന്നും പ്രവീണ്‍ കണ്ടെത്തി. എന്നാൽ ബിന്ദുവിനെക്കുറിച്ച് ഒരുവിവരവും ലഭിച്ചില്ല. ഇതേ തുടർന്നാണ് പ്രവീണ്‍ ആഭ്യന്തരവകുപ്പിന് പരാതി നൽകിയത്. സ്വത്തുക്കൾ കൈവശപ്പെടുത്തുകയോ വിൽപ്പന നടത്തിക്കുകയോ ചെയ്തശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രവീണിന്റെ പരാതി.