ചേർത്തല: വ്യാജരേഖകൾ ചമച്ച് കോടികളുടെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം യുവതിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നുവെന്ന പ്രവാസിയായ സഹോദരന്റെ പരാതിയിൽ ചേർത്തല പോലിസ് അന്വേഷണം ഉൗർജിതമാക്കി. സംഭവത്തിനുപിന്നിൽ വൻ മാഫിയസംഘം ഉണ്ടെന്നാണ് സൂചന. കോടികൾ കൈക്കലാക്കിയശേഷം മാഫിയസംഘം യുവതിയെ കൊലപ്പെടുത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
ഇറ്റലിയിലുള്ള കടക്കരപ്പള്ളി ആലുങ്കൽ ജംഗ്ഷന് സമീപം പത്മനിവാസിൽ പി.പ്രവീണ്‍കുമാറാണ് കാണാതായ സഹോദരി ബിന്ദു(44)വിന്റെ തിരോധാനം സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് പരാതി നൽകിയത്. ചേർത്തല ഡിവൈഎസ്പി എ.ജി ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. അച്ഛനും അമ്മയോടും ഒപ്പമാണ് ബിന്ദു താമസിച്ചിരുന്നത്.
ജോലി സംബന്ധമായ ആവശ്യത്തിന് പ്രവീണ്‍ വിദേശത്തേക്ക് പോയപ്പോൾ ബിന്ദു എംബിഎ പഠനത്തിന് ബംഗ്ളുരുവിലേക്ക് പോയി. പഠിക്കുന്ന സ്ഥലത്തിന്റെ വിവരമോ ഫോണ്‍ നന്പരോ ബിന്ദു ആർക്കും നൽകിയില്ല. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്പോൾ തന്നെ രണ്ടുമക്കൾക്കുമായി സ്വത്തുക്കൾ വിൽപത്രത്തിലൂടെ വീതിച്ചിരുന്നു. 2002 സെപ്തംബർ എട്ടിന് അമ്മയും ഇതേവർഷം നവംബർ 29ന് അച്ഛനും മരിച്ചു. ഇരുവരുടെയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ബിന്ദു എത്തിയില്ല.
പിന്നീട് ബിന്ദു വീട്ടിലെത്തി താമസം തുടങ്ങിയിരുന്നു. നാട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ അച്ഛൻ മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് ബിന്ദു വീട്ടിൽ വന്നിരുന്നതായും മരണത്തിന്റെ രണ്ട് ദിവസം മുന്‍പാണ് മടങ്ങിപ്പോയതെന്നും അറിഞ്ഞതായും പ്രവീണ്‍ പരാതിയിൽ പറയുന്നു. വീട്ടിലെ പത്തുലക്ഷത്തോളം രൂപ വിലയുള്ള സാധനസാമഗ്രികൾ വിൽക്കുകയും ചേർത്തല ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണാഭരണങ്ങൾ, കടക്കരപ്പള്ളിയിലെ സഹകരണ സംഘത്തിലെ സ്ഥിരനിക്ഷേപം, മറ്റ് ബാങ്കുകളിൽ ഉണ്ടായിരുന്ന തുകയെല്ലാം ബിന്ദു പിൻവലിച്ചു.
പിന്നീട് പ്രവീണിന്റെ ഭാര്യയുടെ പേരിൽ ചേർത്തലയിലുണ്ടായിരുന്ന വീടും സ്ഥലവും മറ്റൊരു 10 സെന്റും ഇവിടെ തന്നെയുള്ള 1.66 ഏക്കർ സ്ഥലവും മറ്റൊരാളുമായി ചേർന്ന് ബിന്ദു വിറ്റതായും അറിഞ്ഞു. പള്ളിപ്പുറം സ്വദേശിയായ കാർഡ്രൈവറുമായി റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്നാണ് ബിന്ദു ബന്ധുക്കളോട് പറഞ്ഞത്.
മൂന്നരവർഷം മുന്‍പ് മാവേലിക്കരയിൽ അമ്മയുടെ സഹോദരിയുടെ വീട്ടിൽ ബിന്ദുവും പള്ളിപ്പുറത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായി ചെന്നതായും പിന്നീട് ഇതുവരെ ബിന്ദുവിനെകുറിച്ച് യാതൊരു വിവരവുമില്ലെന്നും പ്രവീണ്‍ പറയുന്നു. അന്പലപ്പുഴയിൽ ബിന്ദു വാങ്ങിയ 10 സെന്റ് വസ്തു, വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ പള്ളിപ്പുറത്തെ വസ്തു ഇടനിലക്കാരന്റെ അയൽവാസിയായ പലിശക്കാരൻ ജപ്തി ചെയ്ത് എടുത്തുവെന്ന് അറിഞ്ഞതായും പരാതിയിലുണ്ട്.
ബിന്ദുവിനെക്കുറിച്ച് പള്ളിപ്പുറത്തെ വസ്തു ഇടനിലക്കാരനോട് അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞുമാറി. എറണാകുളത്തെ ബിന്ദുവിന്റെ കോടികൾ വിലമതിക്കുന്ന വസ്തു വ്യാജ ആധാരം ചമച്ച് ആൾമാറാട്ടം നടത്തി വിറ്റതായി മനസിലാക്കി.
ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ 2013ൽ തീറാധാരത്തിന് ഹാജരാക്കിയ പവർ ഓഫ് അറ്റോർണിയും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസൻസും വ്യാജമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ പകർപ്പുകൾ പരാതിക്കൊപ്പം പ്രവീണ്‍ ഹാജരാക്കി.
ഇത്തരത്തിൽ സ്വത്തുക്കൾ കൈവശപ്പെടുത്തുകയോ വിൽപ്പന നടത്തിക്കുകയോ ചെയ്തശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രവീണിന്റെ പരാതി. സംഭവത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ പള്ളിപ്പുറത്തുള്ള ഡ്രൈവർ സംശയത്തിന്റെ നിഴലിലാണ്.