ആലപ്പുഴ: കടലിൽ കാണാതായ മകനെ കാത്ത് ഒരു കുടുംബം കടലിലേക്കു നോക്കിയിരിക്കുന്നു. അവനെ ഇനി കടലിൽനിന്നു തിരിച്ചെത്തി കാണാൻ പറ്റുമോയെന്ന് ആ കുടുംബത്തിന് ഒരു പ്രതീക്ഷയുമില്ല. കുടുംബത്തിന് ഒരു അടച്ചുറപ്പുള്ള വീടോ, വീട് വയ്ക്കാനുള്ള ഇടത്തിന് പട്ടയമോ ഇല്ലായെന്നത് മറ്റൊരു ദുഃഖം.
കഴിഞ്ഞ ഡിസംബർ 14 നാണ് കാട്ടൂർ കൂട്ടുങ്കൽ തോമസ് -റീത്താമ്മ മകൻ ബിനു കടലിൽ മത്സ്യബന്ധനത്തിനു പോയത്. കൊച്ചിയിൽനിന്നുള്ള ഗലീലി എന്ന ബോട്ടിൽ 21 മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് ബിനു കടലിൽ ജോലിക്കു പോയത്. മത്സ്യബന്ധനത്തിനിടയിൽ കടലിൽ വീണുപോയ ബിനുവിനെ കൂടെയുള്ളവർ അന്വേഷിച്ചു.
രണ്ടുദിവസത്തോളം ബിനുവിനെ കടലിൽ തെരഞ്ഞു, കണ്ടെത്തിയില്ല. പിന്നെ നീണ്ട കാത്തിരിപ്പ്. തോമസും റീത്താമ്മയും തങ്ങളുടെ മകനെ കാത്ത് കടലിൽ കണ്ണുനട്ട് കഴിയുന്നു. ആശയും പ്രതീക്ഷയും നഷ്ടപ്പെട്ടപ്പോൾ ആ കുടുംബത്തിന് സങ്കടങ്ങൾ മാത്രം ബാക്കി. അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതായിരുന്നു ബിനുവിന്റെ ദുഃഖം.
അതിനു പരിഹാരം തേടിയാണ് ജോലിക്കു കടലിൽ പോയിരുന്നത്. വീടിന്റെ ഏക ആശ്രയമായിരുന്നു ബിനു. അച്ഛനും അമ്മയ്ക്കും താങ്ങാകുവാനാണ് പ്രതീക്ഷയോടുകൂടി ജോലി ചെയ്തിരുന്നത്.ദൈന്യതയാർന്ന ഈ കുടുംബം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിഷയമാണ് പട്ടയത്തിനു വേണ്ടിയിട്ടുള്ള അലച്ചിൽ.
കുടുംബസ്വത്തായി കിട്ടിയ കിടപ്പാടത്തിന് 40 വർഷമായി പട്ടയമില്ല. അത് ലഭിച്ചാലേ ഏതെങ്കിലും വിധത്തിൽ താമസിക്കാൻ യോഗ്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കാനാവു. എന്നാൽ, മകൻ നഷ്ടപ്പെട്ട ഈ അച്ഛനും അമ്മയും തങ്ങളുടെ കിടപ്പാടത്തിന്റെ പട്ടയം തേടി ഇറങ്ങാത്ത ഇടങ്ങളില്ല.
അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടാക്കിയതിനുശേഷം മാത്രം കല്യാണം മതി എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞാണ് കടലിൽ വീണ് കാണാതായ മകൻ ബിനു ജീവിച്ചിരുന്നത്. ആ ആഗ്രഹം ഇന്നും സഫലീകരിക്കപ്പെടാതെ അച്ഛനും അമ്മയ്ക്കും സ്വസ്ഥമായി ഉറങ്ങാൻ കിടപ്പാടം ഇല്ലാതെ അലയേണ്ട അവസ്ഥയാണ് ഇപ്പോൾ.
മകന്റെ സ്വപ്നങ്ങളും അത് പൂർത്തിയാക്കുവാൻ അവൻ നടത്തിയ കഠിനാധ്വാനവും പറയുമ്പോൾ അമ്മയുടെ കണ്ഠമിടറുന്നു. മകനെ ഒരു നോക്ക് കാണാനാവാതെ തിരിച്ച് എന്നുവരും എവിടെ വരും എന്നറിയാൻ കഴിയാതെ വിഷമിക്കുന്ന മാതൃഹൃദയത്തിന്റെ വേദനയ്ക്ക് സർക്കാരോ മറ്റു ഭാഗത്തുനിന്നോ ഒരു സഹായവും ലഭിച്ചില്ല.
തങ്ങളുടെ കിടപ്പാടത്തിനുള്ള പട്ടയമെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നെങ്കിൽ എന്നുള്ള കാത്തിരിപ്പിലാണ് അവർ. തങ്ങളുടെ വീടിന് ഒരു ആധാരമെങ്കിലും ലഭിക്കുക എന്നുള്ള ഇവരുടെ ന്യായമായ ആവശ്യത്തിനു നേരേ സർക്കാർ കനിയുമോ എന്നാണ് കാത്തിരിക്കുന്നത്.
കടലിൽ കാണാതായ മകനെ കാത്തിരിക്കുന്ന ആ കണ്ണുകളിലേക്ക് ആശ്വാസമായി സർക്കാർ പട്ടയമെങ്കിലും എത്തിച്ചിരുന്നെങ്കിൽ അവർക്ക് വലിയൊരു ആശ്വാസമാകുമായിരുന്നു.