ആലുവ: നഗരത്തിലെ വാഹനത്തിരക്കേറിയ വീഥിയിൽ പതിനൊന്നുകാരനെ കാണാതായത് ആലുവക്കാരെയും പോലീസിനെയും ഇന്നലെ ചെറുതായൊന്നുമല്ല കുഴക്കിയത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം എത്തിയ മാനസിക അസ്വാസ്ഥ്യമുള്ള പതിനൊന്നുകാരനാണ് സംഭവത്തിലെ കേന്ദ്രകഥാപാത്രം. ആലുവ വില്ലേജ് ഓഫീസിന് മുന്നിൽ ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം.
എടയപ്പുറം നിവാസിയായ അമ്മയോടും ചേച്ചിയോടുമൊപ്പമാണ് 11 വയസുള്ള ആൺകുട്ടി ആലുവയിൽ എത്തിയത്. വില്ലേജിനടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ ചേച്ചിയുടെ പ്ലസ്ടു പ്രവേശനത്തിന് അപേക്ഷിക്കാനാണ് വന്നത്.
അമ്മയും ചേച്ചിയും അപേക്ഷ പൂരിപ്പിക്കുന്നതിനിടെ പതിനൊന്നുകാരൻ ബാങ്ക് ജംഗ്ഷനിലേക്ക് നടന്നു. ഇതിനിടെ ഒരു ബൈക്കിന് കൈനീട്ടി ലിഫ്റ്റും സംഘടിപ്പിച്ചു. കുറച്ചുദൂരം ചെന്നപ്പോൾ ബൈക്ക് യാത്രികൻ കുട്ടിയോട് എവിടെയാണ് ഇറങ്ങേണ്ടതെന്ന് ചോദിച്ചു. എന്നാൽ കുട്ടിക്ക് അക്കാര്യത്തിൽ കാര്യമായ ധാരണയില്ലായിരുന്നു.
ഇതേസമയം കുട്ടിയെ കാണാതായ അമ്മ പോലീസിൽ വിവരം അറിയിച്ചു. നാട്ടുകാരും കുട്ടിയെ തപ്പിയിറങ്ങി. ഇതിനിടെ ബൈക്കുകാരൻ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നുവിട്ടു. അരമണിക്കൂറോളം ആലുവയെ മുൻമുനയിൽ നിർത്തിയ സംഭവത്തിന് ഒരു ശുഭാന്ത്യം.