തിരുവനന്തപുരം/അഞ്ചൽ: വർക്കല പാപനാശത്ത് കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ മെഡിക്കൽ വിദ്യാർഥിക്ക് വേണ്ടി തെരച്ചിൽ തുടരുന്നു.
തെരച്ചിലിനായി നേവിയുടെ സഹായം തേടി. പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഒന്നാംവർഷ മെഡിക്കൽ വിദ്യാർഥിയും ഏരൂര്‍ അശോക മന്ദിരത്തില്‍ ഹര്ഷന് രാജി-ദമ്പതികളുടെ മകന് അഖില്‍ (21)നെയാണ് ഇന്നലെ രാത്രി ഏഴിന് കാണാതായത്.
നാല് സുഹൃത്തുക്കളോടൊപ്പം പാപനാശത്തെ ബലിമണ്ഡപത്തിന് സമീപത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ തിരയില്‍പ്പെടുകയായിരുന്നു എന്നാണു കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ക്ക് ഒപ്പം ഉണ്ടായിരുന്നവര്‍ നല്‍കിയിരിക്കുന്ന മൊഴി. ലൈഫ് ഗാർഡുകൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയസമയത്തായിരുന്നു അപകടം.
അഖിലിന്റെ സുഹൃത്തുക്കൾ വർക്കല പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലീസും ചേർന്ന് രാത്രി ഏറെ വൈകി തെരച്ചിൽ നടത്തിയിട്ടും അഖിലിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ തുടങ്ങി. ഇതിനിടെ നേവിയുടെ സഹായവും അധികൃതർ തേടിയിട്ടുണ്ട്. കൊച്ചിയിൽ നിന്നും നേവി സംഘം വർക്കലയിലെത്തും.