കൊടുങ്ങല്ലൂർ: രണ്ടാംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ.ശ്രീനാരായണപുരം പൊരി ബസാർ സ്വദേശി അന്പലക്കുളത്ത് വീട്ടിൽ മുഹമദ് ഷിനാസി (19) നെയാണ് മതിലകം പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം വളാഞ്ചേരിയിൽ നിന്നാണ് ഷിനാസ് കുട്ടിയെ തട്ടിക്കൊണ്ടുപോന്നത്.
വളാഞ്ചേരി നഫാസ്-അഫില ദന്പതികളുടെ മകൻ മുഹമ്മദ് അർഹത്തിനെയാണ് ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോന്നത്. ഇവർ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്താണ് മുഹമദ് ഷിനാസ് താമസിച്ചിരുന്നത്. സ്വഭാവദൂഷ്യം മൂലം ഷിനാസിനെ ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിച്ചിരുന്നു.
ഇതിൽ പ്രകോപിതനായിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് മൊഴി. ചൊവ്വാഴ്ച ഇരുചക്രവാഹനത്തിൽ മലപ്പുറത്തുനിന്നു കുട്ടിയെയും കൊണ്ട് പുറപ്പെട്ട ഷിനാസ് ചൊവ്വാഴ്ച രാത്രി ശ്രീനാരായണപുരത്തെ പള്ളിയിൽ കഴിച്ചുകൂട്ടി.
ഇന്നലെ രാവിലെ അഞ്ചങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിൽ കുട്ടിയുമായെത്തിയ ഷിനാസിനെ വീട്ടുകാർ തടഞ്ഞുവച്ച് മതിലകം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വളാഞ്ചേരി പോലീസെത്തി കുട്ടിയെയും ഷിനാസിനെയും കൊണ്ടുപോയി.