ചേർത്തല: കുടുംബകോടതി നിബന്ധനകളോടെ കാണാനനുവദിച്ച മകനുമായി അച്ഛൻ കടന്നുകളഞ്ഞ സംഭവത്തിൽ പോലീസ് ഒത്തുകളിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും കുട്ടിയെയും പിതാവിനെയും കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നില്ലെന്ന് കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പറഞ്ഞു.
മുട്ടത്തിപറന്പ് വാരണം പുത്തേഴത്തുവെളി ഷെബിനെതിരെയാണ് സംഭവത്തിൽ ചേർത്തല പോലീസ് കേസെടുത്തിരുക്കുന്നത്. ഷെബിന്റെ ഭാര്യ തസ്നിയുടെ ദുരൂഹമരണത്തെ തുടർന്ന് ഷെബിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. മരണത്തെ തുടർന്ന് കുട്ടി തസ്നിയുടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു.
റിമാൻഡ് കഴിഞ്ഞിറങ്ങിയ ഷെബിൻ നൽകിയ ഹർജിയിലാണ് നിബന്ധനകളോടെ കുട്ടിയെ കാണാൻ ഇയാളെ കുടുംബകോടതി അനുവദിച്ചത്. ഫെബ്രുവരി ഒന്പതിനു കുട്ടിയെ കാണാനെത്തിയ ഷെബിൻ കുട്ടിയുമായി കടക്കുകയായിരുന്നുവെന്നാണ് പരാതി.
ഇതിനെത്തുടർന്നു നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുടുംബകോടതി നിർദേശിക്കുകയും പോലീസിൽ പലതരത്തിൽ നേരിട്ടു പരാതികൾ നൽകിയിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് തസ്നിയുടെ മാതാപിതാക്കളായ കുഞ്ഞുമോൻ, നെജീന, ചേർത്തല മുനിസിപ്പൽ കൗണ്‍സിലർ ബി.ഫൈസൽ, ബന്ധുക്കളായ കെ.എ ജലാൽ, സുനീർചേർത്തല എന്നിവർ പറഞ്ഞു.