നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരിക്കുന്ന സമയം. എറണാകുളം റൂറലിലെ വാഴക്കുളം പോലീസ് സ്റ്റേഷന്റെ ചുമതലയും അദേഹത്തിനായിരുന്നു.
2017 ഏപ്രില്‍ 29ന് വാഴക്കുളം മഞ്ഞള്ളൂര്‍ വില്ലേജ് ചവറ കോളനി ഭാഗത്ത് പേരാലിന് ചുവട്ടില്‍ വീട്ടില്‍ നാരായണന്റെ മകന് രമേശന് ഒരു പരാതിയുമായി വാഴക്കുളം പോലീസ് സ്റ്റേഷനിലെത്തി.
പെയിന്റിംഗ് ജോലിക്കായി പോയ തന്റെ സഹോദരന് സന്തോഷ്കുമാറി (49)നെ 2017 ഏപ്രില്‍ 28 മുതല്‍ വാഴക്കുളം വികാസ് ഹോട്ടലിനു മുന്നില്‍നിന്ന് കാണാതായി എന്നായിരുന്നു ആ പരാതി. മാന്‍ മിസിംഗിന് കേസെടുത്ത് ഇന്‍സ്പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി.
ദുശീലങ്ങളൊന്നുമില്ലാത്ത ആള്
പെയിന്റിംഗ് തൊഴിലാളിയായ സന്തോഷ്കുമാര്‍ ഭാര്യയ്ക്കും സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു ആണ്മക്കള്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ആരോടും വിരോധമില്ലാത്തയാള്. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്റിംഗ് ജോലിക്കായി പോകും.
അല്പം മദ്യപിക്കുന്നത് ഒഴിച്ചാല്‍ മറ്റ് ദുശീലങ്ങളൊന്നുമില്ല. വൈകിട്ട് ജോലി കഴിഞ്ഞു കൃത്യമായി വീട്ടിലെത്തുമായിരുന്നു. 28ന് രാവിലെ ഭാര്യയോട് യാത്ര പറഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്റിംഗ് ജോലിക്കായി പോയതാണ്. പക്ഷേ, പിന്നീട് തിരിച്ചുവന്നിട്ടില്ല.
വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി വൈകിയാണെങ്കിലും സന്തോഷ്കുമാര്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആള് എത്താത്തതിനെത്തുടര്‍ന്നാണ് പിറ്റേന്ന് സഹോദരന് വാഴക്കുളം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്.
സന്തോഷ്കുമാര്‍ എവിടെ?
ഇന്‍സ്പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമികാന്വേഷണം ആരംഭിച്ചു. സന്തോഷ്കുമാറിന് മറ്റു ബന്ധങ്ങളൊന്നും ഇല്ലാത്തിനാല്‍ അത്തരത്തില്‍ പോകേണ്ട സ്ഥലങ്ങളൊന്നുമില്ലെന്നായിരുന്നു പോലീസിന് ലഭ്യമായി പ്രാഥമിക വിവരം.
അദേഹത്തിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചെങ്കിലും അതില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല. ഒരു പ്രത്യേക ലൊക്കേഷനിലേക്കു പോയതിനുള്ള തെളിവുകളൊന്നും ആ കോള്‍ ഡീറ്റെയില്‍സില്‍ ഇല്ലായിരുന്നു.
പരാതി കിട്ടി ഒന്നര ദിവസം പിന്നിടുമ്പോഴും പോലീസിന് സന്തോഷ്കുമാറിന്റെ കാണാതാകലിനെക്കുറിച്ച് അവ്യക്തത തുടരുകയായിരുന്നു. എങ്കിലും അദേഹത്തെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ പോലീസ് അന്വേഷണം തുടര്‍ന്നിരുന്നു.
ആ മാരുതി കാര്‍
സമീപത്തെ പ്രദേശങ്ങളില്‍ നിന്നെല്ലാം കിട്ടാവുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് സംഘം ശേഖരിച്ചു. അങ്ങനെ ശേഖരിച്ച ഒരു സിസിടിവി ദൃശ്യം ഇന്‍സ്പെക്ടര്‍ ജയകുമാര്‍ പരിശോധിക്കുന്നതിനിടെയാണ് ആ മാരുതി കാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വാഴക്കുളം ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങിയ ശേഷം സന്തോഷ്കുമാര്‍ ബസ് സ്റ്റാന്‍ഡിനു താഴേക്കുള്ള വഴിയിലെ ബാറിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ആ ദൃശ്യങ്ങള്‍ കൂടുതലായി പരിശോധിച്ചപ്പോള്‍ ചെന്നെത്തിയത് ആ റോഡിന്റെ അവസാന ഭാഗത്തേക്കുള്ള ഒരു സിസിടിവി ദൃശ്യത്തിലേക്കായിരുന്നു. സന്തോഷ്കുമാര്‍ ബസ് ഇറങ്ങി നടന്ന സമയം കണക്കാക്കി നോക്കുമ്പോള്‍ അതേസമയത്ത് അവിടേക്ക് ഒരു മാരുതി കാര്‍ കടന്നുവരുന്നുണ്ട്. ഉടന്‍ തന്നെ ആ വണ്ടിയുടെ നമ്പറില്‍നിന്ന് ഉടമയുടെ വിലാസം ഇന്‍സ്പെക്ടര്‍ ജയകുമാര്‍ ശേഖരിച്ചു.
വാഴക്കുളം മഞ്ഞള്ളൂര്‍ കല്ലുങ്കൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ കാർ. സുരേന്ദ്രന്റെ മകളുടെ ഭർത്താവും ഹോട്ടല്‍ ജീവനക്കാരനുമായ ഇടുക്കി പഴന്പിള്ളിച്ചാൽ ചപ്പാത്ത് ഭാഗം പള്ളിത്താഴത്ത് വീട്ടില്‍ സുജിത്ത് തങ്കപ്പ(31)നായിരുന്നു കാർ ഓടിച്ചിരുന്നത്. ഇയാള്‍ ഭാര്യവീട്ടിലായിരുന്നു താമസം.
അന്വേഷണം സുജിത്തിലേക്ക്
ഉടന്‍തന്നെ പോലീസ് സംഘം സുജിത്തിനെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പക്ഷേ, താന്‍ ആ ഭാഗത്തേക്ക് ആ ദിവസങ്ങളില്‍ വന്നിട്ടില്ലെന്നായിരുന്നു അയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചതോടെ ആ വഴി പോയതായി അയാള്‍ സമ്മതിച്ചു.
സന്തോഷ്കുമാറിനെ താന്‍ കണ്ടിട്ടില്ലെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. എന്നാല്‍ ഇന്‍സ്പെക്ടര്‍ ജയകുമാര്‍ ഇയാളുടെ മറുപടിയില്‍ തൃപ്തനല്ലായിരുന്നു. അദ്ദേഹം സുജിത്തിന്റെ കോള്‍ ഡീറ്റെയിൽസ് വീണ്ടും വീണ്ടും പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷനുകള്‍ പരിശോധിച്ചു. 28ന് വൈകുന്നേരം 6.22ന് സന്തോഷ് കുമാറിന്റെ ഫോണിലേക്ക് കോള്‍ വന്നതായും 6.31 ന് സന്തോഷകുമാര്‍ തിരിച്ചുവിളിച്ചതായും കണ്ടെത്തി.
ഈ സമയത്ത് ആലുവ മൂന്നാര്‍ റൂട്ടില്‍ നേര്യമംഗലം കഴിഞ്ഞ് ഇടത്തേക്കു പോകുന്ന മാമലക്കണ്ടം എന്ന ടവര്‍ ലൊക്കേഷനില്‍ പോലീസിന് സുജിത്തിന്റെ സിഗ്നല്‍ ലഭിച്ചു. ഇയാളുടെ അമ്മയുടെ പേരിലെടുത്ത സിം കാര്‍ഡായിരുന്നു അത്.
പിന്നീട് പോലീസ് സംഘം ഇയാളെ വീണ്ടും ചോദ്യം ചെയ്തു. മാമലക്കണ്ടം ഭാഗത്ത് എന്തിനാണ് എത്തിയതെന്നു ചോദിച്ചപ്പോള്‍ ആദ്യം ഇയാള്‍ മറുപടി നല്‍കിയില്ല. തുടര്‍ന്ന് സ്വന്തംവീട്ടില്‍ വന്നതാണെന്നു പറഞ്ഞു. പക്ഷേ, അതില്‍ കൂടുതലൊന്നും പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല.
പോലീസ് സംഘം സുജിത്ത് താമസിക്കുന്ന വീട്ടിലെത്തി. ഭാര്യയുമായി സംസാരിച്ചെങ്കിലും സുജിത്ത് മറ്റേവിടേക്കെങ്കിലും പോയതായി അവര്‍ക്ക് അറിയില്ലായിരുന്നു. ആ ദിവസം രാത്രി കുറച്ചു വൈകിയാണ് സുജിത്ത് വീട്ടിലെത്തിയതെന്ന് അവര്‍ പോലീസ് സംഘത്തോടു പറഞ്ഞു.
തുടര്‍ന്ന് ജയകുമാറും സംഘവും മഞ്ഞള്ളൂരിലുള്ള സുജിത്തിന്റെ കുടുംബവീട്ടിലെത്തി. അവിടെ അയാളുടെ അമ്മയും സഹോദരനുമുണ്ടായിരുന്നു. അന്നേ ദിവസം സുജിത്ത് അവിടെ എത്തിയിരുന്നുവെന്നും കുറച്ചു നേരെ അവിടെയിരുന്നു സംസാരിച്ചുവെന്നും ഏറെ വൈകാതെ തിരിച്ചുപോയതായും അയാളുടെ അമ്മയും സഹോദരനും പോലീസിനെ അറിയിച്ചു.
ഫോറസ്റ്റ് ഓഫീസറുടെ വെളിപ്പെടുത്തല്‍
സന്തോഷ്കുമാറിനെ കാണാതായിട്ട് രണ്ടു ദിവസം പിന്നിടുമ്പോള്‍ അന്വേഷണ സംഘവും പ്രതിസന്ധിയിലായിരുന്നു. ഇദേഹം എവിടേക്കു പോയി എന്ന് അറിയില്ല. കസ്റ്റിഡിയിലെടുത്ത സുജിത്തില്‍ നിന്നാകട്ടെ കൂടുതല്‍ വിവരമൊന്നും ലഭിക്കുന്നുമില്ല. മാമലക്കണ്ടത്തുനിന്ന് ആറു കിലോ മീറ്റര്‍ ഉള്ളിലേക്കു പോയാല്‍ വന മേഖലയാണ്.
ആ മേഖലയിലേക്ക് ഒരു അന്വേഷണം നടത്താമെന്ന് ഇന്‍സ്പെക്ടര്‍ ജയകുമാര്‍ തീരുമാനിച്ചു. അങ്ങനെയാണ് മാമലക്കണ്ടം ഫോറസ്റ്റ് ഓഫീസില്‍ ജയകുമാറും സംഘവും എത്തുന്നത്. പോലീസ് സംഘം അവിടെയെത്തി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴാണ് കാട്ടില്‍നിന്ന് ദുര്‍ഗന്ധം വരുന്നതായ വിവരം ലഭിച്ചത്. ഫോറസ്റ്റ് വിഭാഗത്തിന്റെ സഹായത്തോടെ ഇന്‍സ്പെക്ടറും സംഘവും കാട്ടില്‍ പരിശോധന നടത്തി. (തുടരും)
സീമ മോഹന്‍ലാല്‍