പത്തനാപുരം : കടശ്ശേരിയിലെ കൗമാരക്കാരന്റെ തിരോധാനത്തിൽ മൃഗവേട്ട സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം.
പതിനെട്ടുകാരനെ കാണാതായിട്ട് ഇരുപത്തിനാല് ദിവസം കഴിഞ്ഞിട്ടും യാതൊരു തെളിവും കണ്ടെത്താനാകാതെയായതോടെയാണ് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ സജീവമായ മൃഗവേട്ട സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ അന്വേഷണ സംഘം തയാറെടുക്കുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതല്ല എന്ന നിഗമനത്തിലെത്തിയ സംഘം കൗമാരക്കാരന് വീട്ടില്‍ നിന്നു മാറി നില്‍ക്കുകയാണോയെന്നും അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ ഷര്‍ട്ടുപോലും ധരിക്കാതെ, എറ്റിഎം കാര്‍ഡോ,പണമോ കരുതാതെ എവിടേക്കുപോകും എന്നതും മൊബൈല്‍ ഗയിമിന് കീഴ്പ്പെട്ട ഒരാള്‍ ഇത്രയധികം ദിവസം മൊബൈല്‍ ഓണ്‍ ചെയ്യാതിരിക്കില്ലെന്ന ചിന്തയും അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്.
ഇതിനിടെയാണ് മൃഗവേട്ട സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താമെന്ന നിഗമനത്തിലെത്തിയതെന്നാണ് സൂചന. കാട്ടുപന്നി, മ്ലാവ് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ കെണിവച്ച് പിടിക്കുന്ന സംഘങ്ങള്‍ ഇവിടങ്ങളിലെല്ലാം വ്യാപകമായിരുന്നു.
എന്നാല്‍ കടശേരിയിലും,അമ്പനാറും ഉള്‍പ്പെടെ ഫോറസ്റ്റ് സ്റ്റേഷന് ആരംഭിച്ചതും വനപാലകരുടെ സാന്നിധ്യം മേഖലയില്‍ സ്ഥിരമായതും ഇത്തരക്കാര്‍ ഉള്‍വലിയുന്നതിന് കാരണമായിട്ടുണ്ട്. കാട്ടാന പന്നിപ്പടക്കം കടിച്ച് ചരിഞ്ഞ സംഭവത്തില്‍ പ്രതികളെ പിടികൂടിയതോടെ മൃഗവേട്ട സംഘങ്ങള്‍ ഒതുങ്ങിയിരിക്കുകയാണ്.
എന്നാല്‍ ഉള്‍വനങ്ങളിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യം ഉണ്ടെന്ന് തന്നെയാണ് കരുതുന്നത്.വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനായി ഇലക്ട്രിക് ഫെന്‍സിംഗുകള്‍ കൃഷിയിടങ്ങള്‍ക്കു ചുറ്റും സ്ഥാപിച്ചിട്ടുണ്ട്.
ഇതിലൂടെ നേരിയ തോതില്‍ മാത്രമാണ് വൈദ്യുതി കടന്നുപോകുന്നത് എന്നതിനാല്‍ മൃഗങ്ങള്‍ക്കും ജീവപായം ഉണ്ടാകാനുള്ള വിരളമായ സാധ്യത പോലുമില്ല.എന്നാല്‍ മൃഗങ്ങളുടെ മാംസം ലക്ഷ്യമിടുന്ന സംഘങ്ങള്‍ പലയിടങ്ങളിലും വൈദ്യുതി തീവ്രമായി കടത്തിവിട്ട് മൃഗവേട്ട നിര്‍ബാധം തുടരുന്നുണ്ടെന്ന സൂചനയുണ്ട്.