കാട്ടാക്കട: ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സമീപത്ത് താമസിക്കുന്നവരുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു.
കാട്ടാക്കട ഡിവൈഎസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം. കുട്ടിയുടെ കുടുംബ പശ്ചാത്തലവും അന്വേഷിക്കുന്നുണ്ട്.പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ കുറകോണത്താണ് പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. വീടിന്റെ നടുമുറിയിൽ അമ്മൂമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുക്കാൻ നോക്കിയപ്പോൾ കുഞ്ഞ് അമ്മാമ എന്ന് ശബ്ദത്തിൽ വിളിച്ചതിനെ തുടർന്ന് ഇയാൾ കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. പിതാവ് പിന്നാലെ ചെന്നെങ്കിലും ആളെ പിടികൂടാൻ കഴിഞ്ഞില്ല.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് പൂവച്ചൽ കുറകോണം ഗ്രാമം. പ്രധാന നിരത്തിൽ നിന്നും അകലെയല്ലാത്ത ഈ പ്രദേശം ജനസമ്പന്നമാണ്. ഇവിടെയാണ് തട്ടികൊണ്ടു പോകാൻ ശ്രമം നടന്നിരിക്കുന്നത്.
റോഡിന് സമീപത്ത് താമസിക്കുന്ന വീടിന് നേരെ നടന്ന ഈ ശ്രമത്തെ ഭീതിയോടെയാണ് നാട്ടുകാർ കാണുന്നത്. കറുത്ത പാന്റും കാക്കി ഷർട്ടും അണിഞ്ഞ ആൾ തട്ടികൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഞെട്ടി ഉണർന്ന അമ്മൂമ്മ കണ്ടത് ഒരാൾ ഓടി പോകുന്നതാണ്.
പിന്നാലെ പിതാവ് ചെന്നെങ്കിലും ആളെ പിടികൂടാൻ കഴിഞ്ഞില്ല. ചൂട് കാരണം വീടിൻ്റെ ഒരു വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. ഇതു വഴിയാകാം ഇയാൾ അകത്ത് കയറിയതെന്ന് സംശയിക്കുന്നു. ഈ വീടുമായി പരിചയമുള്ള ആളാവാം ഈ തട്ടികൊണ്ടു പോകാൻ ശ്രമിച്ചതിന്റെ പിറകിലെന്നും പോലീസ് സംശയിക്കുന്നു.