കോട്ടയം: ജില്ലയിൽ ഇന്നലെ യുവാവും വീട്ടമ്മയും യുവതിയും അടക്കം മൂന്നു പേരെ കാണാതായി. ഇതിൽ ഒരാളെ കണ്ടെത്തി. വീട്ടമ്മയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. 20 വയസുള്ള യുവതി മറ്റൊരു യുവാവുമൊത്ത് തമിഴ്നാട്ടിലുണ്ടെന്നും ഇന്ന് പോലീസിൽ ഹാജരാകാമെന്നും അറിയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞെത്തുന്ന നവദന്പതികളെ കാത്തിരിക്കുകയാണ്പോലീസ്.
കറുകച്ചാൽ സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവാവിനെയും വീട്ടമ്മയെയും കാണാതായത്. പോലീസ് അന്വേഷണത്തിൽ യുവാവ് ഭാര്യയുടെ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചു. യുവാവിന്റെ അമ്മയാണ് പോലീസിൽ പരാതി നല്കിയത്.
അതേ സമയം വീട്ടമ്മയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. ആരാധനാലയങ്ങളിൽ പോകുന്ന സ്വഭാവക്കാരിയാണെന്നും ഒന്നും രണ്ടും ദിവസം കഴിഞ്ഞ് മടങ്ങി വരിക പതിവാണെന്നും പോലീസ് പറഞ്ഞു.
പള്ളിക്കത്തോട് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ യുവതിയാണ് തമിഴ്നാട്ടിലുണ്ടെന്നു വിവരം ലഭിച്ചത്. നഴ്സായി ജോലി ചെയ്തു വരവേയാണ് കാണാതായത്. ബന്ധുക്കൾ പോലീസിൽ പരാതി നല്കിയതിനെ തുടർന്ന് പോലീസ് യുവതിയുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് താൻ സുരക്ഷിതയാണെന്നും തമിഴ്നാട്ടിലുണ്ടെന്നും മറുപടി ലഭിച്ചത്.