പത്തനംതിട്ട: ജോലി തേടി വിദേശത്തു പോയ ഏക മകനെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാതെ വന്നതോടെ സങ്കടക്കടലിലാണ് വയോധികയായ മാതാവും സഹോദരിയും. തിരുവല്ല മഞ്ഞാടി ചുടുകാട്ടിൽ മണ്ണിൽ മണ്ണിൽ പരേതനായ സി. വി. വർക്കിയുടെയും സാറാമ്മയുടെയും ഏകമകനായ സാം വർക്കി (48) യെയാണ് 2023 ജൂൺ മുതൽ ഷാർജയിലെ നിന്നും കാണാതായത്.
മകൾ സനുവിന്റെ സഹായത്തോടെ അന്നു മുതൽ സാറാമ്മ മുട്ടാത്ത വാതിലുകളില്ല. എന്നാൽ കാര്യക്ഷമമായ ഒരു ഇടപെടലോ അന്വേഷണമോ ഇതേവരെ ഉണ്ടായിട്ടില്ലെന്ന് എഴുപത്തിനാലുകാരിയായ സാറാമ്മ പറഞ്ഞു.ആലപ്പുഴ തലവെട്ടി സ്വദേശിയായ കബീർ എന്ന ഏജന്റ് മുഖാന്തിരം വിസിറ്റിംഗ് വീസയിലാണ് 2023 മേയ് അഞ്ചിന് സാം ജോലിക്കായി ഷാർജയിലെ അജ്മാനിലേക്ക് പോയത്.
എംബിഎ ബിരുദധാരിയായ സാം നേരത്തെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുത്തിട്ടുള്ളയാളാണ്. ഷാർജയിലെത്തി, ആദ്യത്തെ ഒരു മാസം വീടുമായി സംമ്പർക്കം പുലർത്തിയിരുന്നെങ്കിലും പിന്നീട് യാതൊരു വിവരവും ഇല്ല. അജ്മാനിൽ എത്തിയ സാം മറ്റൊരു മലയാളിയായ ആലപ്പുഴ സ്വദേശി അനീഷ് മധുവിനോടൊപ്പമാണ് താമസിച്ചിരുന്നത്. ഏജന്റിന് 1,30,000 രൂപ ഗൂഗിൾ പേ വഴി നൽകിയിരുന്നു.
വിസിറ്റിംഗ് വീസയിൽ തന്നെ വന്ന അനീഷിനും ജോലിയൊന്നും ലഭിക്കാഞ്ഞതിനെ തുടർന്ന് അദ്ദേഹം ജൂലൈയിൽ തിരികെ നാട്ടിലേക്ക് മടങ്ങി. സാമിന്റെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ അനീഷിന്റെ കൈവശമായിരുന്നു. സാമിനെ സംബന്ധിച്ചു വിവരം ഒന്നും ഇല്ലാത്തതിനേ തുടർന്ന് അനീഷ് താമസിച്ചു കൊണ്ടിരുന്ന സ്ഥലത്തെ അയൽവാസിയായ അക്ബറിനെ രേഖകൾ ഏല്പിച്ചു.
ഇവരോടെല്ലാം സാമിനെ സംബന്ധിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി .ജെ .കുര്യൻ മുഖേന യുഎഇയിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടെങ്കിലും അവിടെ നിന്നും കൃത്യമായി മറുപടി ലഭിച്ചില്ല. കേന്ദ്രി വിദേശകാര്യ വകുപ്പിനടക്കം പരാതികൾ നൽകി. തിരുവല്ല ഡിവൈഎസ്പി ഓഫീസിൽ ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകനെ നഷ്ടപ്പെട്ടതോടെ മാതാവ് മാനസിക സംഘർഷത്തിലും രോഗാവസ്ഥയിലുമായി. സാമിന്റെ ഏക സഹോദരിയെ വർഷങ്ങൾക്കു മുമ്പ് തന്നെ വിവാഹം കഴിപ്പിച്ചു അയച്ചിരുന്നു. സഹോദരനുവേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി നഴ്സിംഗ് ജോലി പോലും ഉപേക്ഷിച്ച് മാതാവിനൊപ്പം നിൽക്കുകയാണ് സഹോദരി സനു.
സാമിനെ എത്രയും വേഗം കണ്ടെത്തി മാതാവിന്റെ കണ്ണീരൊപ്പാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളും ഷാർജ മലയാളി അസോസിയേഷനുകൾ അടക്കമുള്ള സംഘടനകളും ഇടപെടണമെന്നും സംഭവത്തിൽ കേരള പോലീസും അന്വേഷണം നടത്തണമെന്നും പൊതുപ്രവർത്തകരായ വി. ആർ. രാജേഷ്, ഷിബു ഫിലിപ്പ്, സോജാ കാർഡോസ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.