കോഴഞ്ചേരി: ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അഞ്ചു വർഷത്തിനു മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി.
തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ സ്വദേശിയായ ജോൺസന്റെ ഭാര്യ ക്രിസ്റ്റീനാളിനെ (26 ) ആറന്മുള തെക്കേമലയിൽ താമസിച്ചു വരവേ 2017 ജൂലൈ മുതലാണ് കാണാതായത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . ഇലന്തൂർ നരബലി കേസിനു ശേഷം മുന്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം മരവിപ്പിച്ചവയിൽ റിപ്പോർട്ട് തേടി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിരുന്നു.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിലാണ് കോട്ടയം കൊടുങ്ങൂർ എന്ന സ്ഥലത്തുനിന്ന് യുവതിയെ കണ്ടെത്തിയത്.
2017 ൽ കാണാതായതിന് ശേഷം ഇവർ ബംഗളൂരുവിൽ ഒരു വർഷം ഹോം നഴ്സ് ആയി ജോലി നോക്കി. പിന്നീട് കോട്ടയത്ത് എത്തി ഒരു യുവാവിനോടൊപ്പം മറ്റൊരു പേരിൽ താമസിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട്ടിലുള്ള ബന്ധുക്കളുമായി ഇവർ ബന്ധം പുലർത്തിയിരുന്നില്ല. യുവതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി.
ആറന്മുള എസ്എച്ച്ഒ സി. കെ. മനോജ്, എസ്ഐ ഹരീന്ദ്രൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.