അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ നിന്ന് കാണാതായ സജിവൻ ഒഴുക്കിൽപ്പെട്ടതാകാമെന്ന് അന്വേഷണ സംഘം; എങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കുന്നു.
സജീവന്റെ ഭാര്യ ഹൈ ക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് അമ്പലപ്പുഴ പോലീസ് ഈ നിഗമനം കോടതിയെ ബോധിപ്പിച്ചത്.
സിപിഎം പൂതോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ കഴിഞ്ഞ സെപ്റ്റംബർ 29 നാണ് പാർട്ടി അംഗമായ സജീവനെ കാണാതാകുന്നത്.
ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ
കരിമണൽ ഖനന വിരുദ്ധ സമരത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി സജീവൻ പങ്കെടുത്തിരുന്നു. കൂടാതെ സി പി എം ഗ്രൂപ്പുപോരും വേട്ടയാടിയിരുന്നു.
ഈ കാരണങ്ങളാൽ ഭർത്താവിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് ഭാര്യ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്.
എന്നാൽ ഈ ആരോപണം ശരിയല്ലെന്നും പൊഴി നീന്തിക്കടന്നപ്പോൾ ഒഴുക്കിൽപ്പെട്ടതാകാമെന്നുമാണ് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചത്. തുടർന്ന് കോടതി ഹർജി തീർപ്പാക്കി.
കൂറ്റൻ തിരമാലയിൽ പെട്ടാൽ പോലും
അതേസമയം എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരാനും കോടതി നിർദേശിച്ചു. അതേസമയം ആഴക്കടലിൽ മൽസ്യ ബന്ധനത്തിന് പോകുന്ന സജീവനെ പോലുള്ള മൽസ്യത്തൊഴിലാളികൾ കൂറ്റൻ തിരമാലയിൽ പെട്ടാൽ പോലും കരയെത്താറുണ്ട്.
നടുക്കടലിൽ വലയിട്ടു കഴിയുമ്പോൾ വല നേരേയാക്കാൻ കടലിൽ ചാടുന്നതും ഇവർ തന്നെയാണ്. പിന്നീട് നീന്തി വള്ളത്തിൽ വീണ്ടും കയറും.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
ഇത്രക്കു പരിചയ സമ്പന്നനായ വ്യക്തി പൊഴിമുഖം നീന്തി മറുകരക്കു നടക്കുമ്പോൾ ശക്തമായ ഒഴുക്കിൽപ്പെട്ടതാകാമെന്ന പോലിസ് വാദം അംഗീകരിക്കാൻ സജീവന്റെ കുടുബവും പ്രദേശവാസികളും തയാറായിട്ടില്ല.
കേസ് അന്വേഷണത്തി ൽ നിന്ന് എങ്ങനെയും തടിയൂരാനുള്ള വ്യഗ്രതയെന്നാണ് ആക്ഷേപം. എന്തായാലും സജീവന്റെ നിർധന കുടുബം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമായി ഓരോ രാത്രിയും ഇരുട്ടി വെളുപ്പിക്കുകയാണ്.