കൂത്തുപറമ്പ്: രണ്ടു ദിവസമായി വീട്ടുകാരെ തീ തീറ്റിച്ച ബിക്കിയെന്ന സുന്ദരിക്കുട്ടി ഒടുവിൽ സ്വന്തം വീട്ടിൽ തിരിച്ചെത്തി. കിണവക്കൽ മെട്ടയിലെ ബിന്ദു സുനിലിന്റെ അരുമയായ പൂച്ചക്കുട്ടിയായ ബിക്കിയാണ് രണ്ടു ദിവസത്തെ അജ്ഞാത വാസത്തിനു ശേഷം സുരക്ഷിതമായി ഉടമയുടെ വീട്ടിലെത്തിയത്. കേവലം ഒരു പൂച്ചയെന്ന് കരുതി ബിക്കിയെ അവഗണിക്കുന്നവരോട് ഒരു വാക്ക്.
പൂച്ചയാണെങ്കിലും അതുക്കും മീതെയാണ് ഇവളുടെ സ്ഥാനം. പൂച്ചവർഗത്തിലെ സുന്ദരികളും സുന്ദരൻമാരുമായ പേഴ്സ്യൻ ജനുസിൽ പെട്ട പൂച്ചയാണിവൾ. വില കാൽ ലക്ഷത്തോളം വരും. ഇക്കഴിഞ്ഞ മൂന്നാം തീയതി മുതലായിരുന്നു ബിക്കി അപ്രത്യക്ഷയായത്. സാധാരണ വീടിനു സമീപത്തെ മറ്റു വീടുകളിൽ സന്ദർശനം നടത്താറുണ്ടെങ്കിലും കറക്കം കഴിഞ്ഞ് വീട്ടിലെത്തുന്നതാണ് ഇവളുടെ സ്വഭാവം.
എന്നാൽ ഇക്കഴിഞ്ഞ മൂന്നിന് ഗൃഹസന്ദർശനത്തിനായി ഇറങ്ങി തിരിച്ച ബിക്കി വീട്ടിലെത്താറുള്ള സമയം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. സമീപത്തൊക്കെ അന്വേഷിച്ചെങ്കിലും ആർക്കും വിവരമില്ലായിരുന്നു. തുടർന്ന് ഉടമ ബിന്ദു പോലീസിൽ പരാതി നൽകി. പൂച്ചയെ കാണാതായ വാർത്ത രാഷ്ട്രദീപിക ഇന്നലെ പ്രസിദ്ധീകിരിച്ചിരുന്നു.
രാഷ്ട്ര ദീപിക വാർത്തയും വാർത്തയുടെ ക്ലിപ്പിംഗുകളും സമൂഹ മാധ്യമത്തിൽ വൈറലാവുകയും ചെയ്തു. ഇതിനിടെ പോലീസ് അന്വേഷണവും ഊർജിതമായി നടന്നു. പോലീസ് പനയത്താംപറന്പിലെ ഒരു വീട്ടിൽ നിന്നാണ് ഇവളെ പൊക്കിയത്.
സമീപ വീടുകളിൽ സന്ദർശനത്തിനു പോയപ്പോൾ ഒരു വീട്ടുകാർ ബിക്കിയെ തടങ്കലിലാക്കി പനയത്താംപറന്പിലെ പരിചയക്കാരായ വീട്ടുകാർക്ക് സമ്മാനിച്ചെന്നാണ് വിവരം. വിവരമറിഞ്ഞ പോലീസ് പൂച്ചയെ സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെടുകയും ഇന്നലെ രാത്രിയോടെ സ്റ്റേഷനിലെത്തിച്ച പൂച്ചയെ ബിന്ദുവിന് കൈമാറുകയുമായിരുന്നു.