തൊടുപുഴ: മൂന്നു ദിവസമായി കാണാതായ കേറ്ററിംഗ് സ്ഥാപന നടത്തിപ്പുകാരന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തില് മൂന്നു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
തൊടുപുഴ ചുങ്കം മുളയിങ്കല് ബിജു ജോസഫിനെ (50) ആണ് വ്യാഴാഴ്ച മുതല് കാണാതായത്.തൊടുപുഴയില് കേറ്ററിംഗ്, ആബുലന്സ് സര്വീസ്, മൊബൈല് മോര്ച്ചറി സര്വീസ് എന്നിവ പാര്ട്ണര്ഷിപ്പായി നടത്തി വരികയായിരുന്നു ബിജു. ബിജുവിനെ കാണാതായതുമായി ബന്ധപ്പെട്ട് ഭാര്യ ഇന്നലെ പോലീസില് പരാതി നല്കിയിരുന്നു.
ഇതില് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പോലീസിന് നിര്ണായക വിവരങ്ങള് ലഭിച്ചത്. കൊച്ചിയില് നിന്നുള്ള ക്വട്ടേഷന് സംഘം കോലാനി എസ്എന്ഡിപി ഓഫീസിനു മുന്നില് നിന്നു ബിജുവിനെ കടത്തിക്കൊണ്ടു പോകുകയായിരുന്നെന്നാണ് വിവരം ലഭിച്ചത്.
കൊലപ്പെടുത്തിയെന്ന സൂചനയെ തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തില് തൊടുപുഴ കലയന്താനിയ്ക്കു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഗോഡൗണില് മൃതദേഹം ഒളിപ്പിച്ചതായും സൂചന ലഭിച്ചു. ഇവിടം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണുപ്രദീപും ആര്ഡിഒയും ഉള്പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര് സ്ഥലത്തെത്തി കെട്ടിടത്തിനുള്ളില് വിശദമായ പരിശോധന ആരംഭിച്ചു. ഇവിടെ താമസിച്ചിരുന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള് കാപ്പക്കേസ് പ്രതിയാണെന്നും പറയപ്പെടുന്നു.
കലയന്താനിയിലെ സ്വകാര്യ കേറ്ററിംഗ് സ്ഥാപന ഉടമയുമായി ചേര്ന്നാണ് ബിജു സ്ഥാപനം നടത്തിയിരുന്നത്. ഇയാളുമായി സാമ്പത്തിക തര്ക്കവും നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില് ഉണ്ടായിരുന്ന കേസ് പിന്നീട് ഒത്തു തീര്പ്പാക്കിയിരുന്നു. എന്നാല് പിന്നീടും ഇരുവരും തമ്മില് തര്ക്കം നില നിന്നിരുന്നതായാണ് സൂചന. ഇയാളെയും 12 അംഗ ക്വട്ടേഷന് സംഘത്തെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.