കൊച്ചി: കാണാതായ എറണാകുളം സെൻട്രൽ സിഐ വി.എസ്. നവാസിനെ കണ്ടെത്തി. കോയന്പത്തൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ തമിഴ്നാട് കരൂർ റെയിൽവേ സ്റ്റേഷനിൽവച്ച് ഇന്ന് പുലർച്ചെ റെയിൽവേ പോലീസ് അദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു.
സിഐയെ കണ്ടെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലക്കാട് പോലീസ് സംഘം അദ്ദേഹത്തെ പാലക്കാടെത്തിച്ചു. സിഐ കൊച്ചിയിലേക്കെത്തിക്കുന്നതിനായി കൊച്ചി സിറ്റി പോലീസ് സംഘം പാലക്കാട്ടെത്തിയിട്ടുണ്ട്.
ഇവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം വൈകിട്ടോടെ സിഐയെ കൊച്ചിയിലെത്തിക്കും. വ്യാഴാഴച രാവിലെ മുതൽ കാണാതായെന്ന ഭാര്യയുടെ പരാതിയിൽ സംസ്ഥാനമൊട്ടാകെ പോലീസ് അന്വേഷണം ഉൗർജിതമാക്കിയതിനിടെയാണു തമിഴ്നാട്ടിൽനിന്നും അദ്ദേഹത്തെ കണ്ടെത്തിയത്.
നവാസിനെ കണ്ടെത്തുന്നതിനായി നാലു സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം. രണ്ടു ദിവസമായി സംസ്ഥാനമൊട്ടാകെ അന്വേഷിക്കുകയായിരുന്നെങ്കിലും അദ്ദേഹത്തെക്കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
കാണാതായ ദിവസം രാവിലെ കായംകുളത്തും തുടർന്നു കൊല്ലത്തെത്തിയതായ വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. പിന്നീട് എങ്ങോട്ടു പോയെന്നതിനെക്കുറിച്ചു സൂചനകളൊന്നും ലഭിച്ചിരുന്നില്ല. അപ്രത്യക്ഷനാകുന്നതിനു മുൻപു നവാസ് കൊച്ചിയിലെ എടിഎമ്മിൽനിന്നു 10,000 രൂപ പിൻവലിച്ചിരുന്നു. ഇതു യാത്രയ്ക്കു മുന്നോടിയായി പിൻവലിച്ചതാകാമെന്ന കണക്കുകൂട്ടലിലായിരുന്നു പോലീസ്.
കാണാതായ ദിവസം രാവിലെവരെ മൊബൈൽ ഫോണ് ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. തമിഴ്നാട്ടിൽനിന്ന് അദ്ദേഹത്തെ കണ്ടെത്തിയശേഷം അദ്ദേഹം ബന്ധുക്കളുമായി ബന്ധപ്പെട്ടു. തമിഴ്നാട്ടിൽനിന്നും തിരിച്ചതായും വൈകുന്നേരത്തോടെ കൊച്ചിയിലെത്തുമെന്നും സിഐ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു സിഐ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണു പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി മേലുദ്യോഗസ്ഥനും നവാസും തമ്മിൽ വയർലെസ് സെറ്റിലൂടെ വാക്കുതർക്കമുണ്ടായതായി പറയപ്പെടുന്നു.
വയർലസിലൂടെ മേലുദ്യോഗസ്ഥൻ നവാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ ശകാരിച്ചുവെന്നാണു വിവരങ്ങൾ. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിൽ ചിലർ ഇരുവരുടെയും വാഗ്വാദങ്ങൾ കേട്ടിരുന്നതായും പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ഇന്നലെ കൊച്ചി സിറ്റി പോലീസ് ഡിസിപി ജി. പൂങ്കുഴലി ചോദ്യം ചെയ്തിരുന്നു.