കോട്ടയം: അറുപറയിൽനിന്നു കാണാതായ ദന്പതികളിൽ ഹബീബയെ അജ്മീറിലെ മലയാളി ഹോട്ടലിലെ ജീവനക്കാർ കണ്ടതായി അവിടെ അന്വേഷിക്കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചു. അഞ്ചു മാസം മുൻപ് ഒരു ദിവസം രാവിലെ ഹബീബയുടെ രൂപ സാദൃശ്യമുള്ള സ്ത്രീയെ കണ്ടുവെന്നാണ് ഇവർ അന്വേഷണ സംഘത്തെ അറിയിച്ചത്. ഒപ്പം ആരും ഉണ്ടായിരുന്നില്ല എന്നും പറയുന്നു. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനെത്തി മടങ്ങിയെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നുണ്ട്.
ഇത് നുറു ശതമാനവും സ്ഥിരീകരിക്കാവുന്ന റിപ്പോർട്ടല്ല എന്നാണ് അജീമീരിലുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സേവ്യർ സെബാസ്റ്റ്യൻ രാഷ്ട്രദീപികയോട് പറഞ്ഞത്. എങ്കിലും തള്ളിക്കളയുന്നില്ല. രണ്ടുദിവസം കൂടി അന്വേഷണ സംഘം അജ്മീറിൽ ഉണ്ടാവും. ഇതിനിടയ്ക്ക് എന്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പോലീസ്. കാണാതായ അറുപറ ഒറ്റക്കണ്ടം ഹാഷിം(42), ഭാര്യ ഹബീബ(37) എന്നിവരുടെ ചിത്രങ്ങളടക്കമുള്ള ലുക്ക് ഒൗട്ട് നോട്ടീസ് അജ്മീറിലെ എല്ലായിടത്തും പതിച്ചു.
ദർഗ പോലീസ് സ്റ്റേഷനിലും ദഗർഗയിലെ ഓഫീഷ്യൽസുമായും പോലീസ് സംസാരിച്ചു. നൂറുകണക്കിനാളുകളിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. അവിടത്തെ സിസിടിവിയിൽ ദന്പതികളുടെ ചിത്രം ക്രമീകരിച്ചു. ഇനി ദന്പതികൾ അവിടെയെത്തിയാൽ തിരിച്ചറിയുന്നതിനാണിത്. രണ്ടു ദിവസംകൂടി കഴിഞ്ഞേ അന്വേഷണ സംഘം മടുങ്ങുകയുള്ളു. അജ്മീറിലെ മറ്റു ചില കേന്ദ്രങ്ങളിലും അന്വേഷണം നടത്തുമെന്ന് പോലീസ് സംഘം അറിയിച്ചു. അജ്മീറിലെ മേഖല ഐജി മലയാളിയായ ബിജു ജോർജ് ജോസഫ് കേരളാ പോലീസിനെ സഹായിക്കുന്നുണ്ട്.