കോട്ടയം: അറുപറയിൽ ദന്പതികളെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ നാളെ ചിത്രം വ്യക്തമാവും. 2017 ഏപ്രിൽ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. ഹാഷിമിന്റെ പിതാവാണ് അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നല്കിയത്.
കോടതി ഇതിനകം രണ്ടു തവണ ഈ കേസ് പരിഗണിച്ചു. നാളെ കേസ് പരിഗണിക്കുന്പോൾ പോലീസിന്റെ കേസ് ഡയറി ഫയൽ ഹാജരാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് പോലീസ് നാളെ കേസ് ഡയറി ഫയൽ കോടതിയിൽ ഹാജരാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമോ എന്നാണ് കാണാതായവരുടെ ബന്ധുക്കൾ കാതോർത്തിരിക്കുന്നത്.
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് ഒരു തുന്പും കിട്ടിയില്ലെന്ന റിപ്പോർട്ട് പോലീസ് കോടതിയിൽ മുൻപ് നല്കിയിരുന്നു. ഇതു പരിശോധിച്ച കോടതിയാണ് കേസ് ഡയറി ഫയൽ ഹാജരാക്കാൻ ഉത്തരവായത്. കാണാതായ രാത്രിയിൽ ഒൻപത് മണിയോടെ ഭക്ഷണം വാങ്ങാനായി കോട്ടയം ടൗണിലേക്ക് പോയതാണ് ദന്പതികൾ. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇവർ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും വിവരമില്ല.
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും എല്ലാസന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലും ഒരു തുന്പും ലഭിക്കാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ടോം ജോസ് പടിഞ്ഞാറേക്കര കോടതിയിൽ ചൂണ്ടിക്കാട്ടി.