കോട്ടയം: അറുപറ സ്വദേശികളായ ദന്പതികളെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നല്കിയ ഹർജി ഇനി 25നു പരിഗണിക്കും. അന്ന് പോലീസിന്റെ കേസ് ഡയറി ഫയൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 25ന് പോലീസ് കേസ് ഡയറി ഹാജരാക്കും.
ഹൈക്കോടതി ജഡ്ജി സുനിൽ തോമസാണ് കേസ് പരിഗണിക്കുന്നത്. 2017 ഏപ്രിൽ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. ഹാഷിമിന്റെ പിതാവാണ് അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നല്കിയത്.
നേരത്തേ കോടതി പോലീസിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് ഒരു തുന്പും കിട്ടിയില്ലെന്നാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നല്കിയത്. ഇതു പരിശോധിച്ച കോടതിയാണ് കേസ് ഡയറി ഫയൽ ഹാജരാക്കാൻ ഉത്തരവായത്.
കാണാതായ രാത്രിയിൽ ഒന്പതിനു ഭക്ഷണം വാങ്ങാനായി കോട്ടയം ടൗണിലേക്ക് പോയതാണ് ദന്പതികൾ. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലും ഒരു തുന്പും ലഭിക്കാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ടോം ജോസ് പടിഞ്ഞാറേക്കര കോടതിയിൽ ചൂണ്ടിക്കാട്ടി.
ഹർജിക്കാരുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി പോലീസിന്റെ കേസ് ഡയറി ഫയൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.