കോട്ടയം: ഒരു വർഷമായിട്ടും അറുപറ സ്വദേശികളായ ദന്പതികളുടെ തിരോധാനത്തിന് തുന്പുണ്ടാക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് നാളെ ദന്പതികളുടെ വീട്ടുകാരും നാട്ടുകാരും വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്ത് ഒത്തു ചേരും. ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മയാണ് സംഘടിപ്പിക്കുന്നത്.
ദന്പതികളായ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കഴിഞ്ഞ ഏപ്രിൽ ആറിലെ ഹർത്താൽ ദിനത്തിലാണു കാണാതായത്. പോലീസിനും ക്രൈംബ്രാഞ്ചിനും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ലോക്കൽ പോലീസ് അന്വേഷണത്തിൽ തുന്പൊന്നും കിട്ടാതായപ്പോഴാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ അന്വേഷണത്തിൽ ഹബീബയുടെ ബന്ധുക്കൾക്ക് പൂർണതൃപ്തിയുള്ളപ്പോഴാണു ഹാഷിമിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ഇതിനിടെ വിവിധ സ്ഥലങ്ങളിൽ ഇരുവരെയും കണ്ടെന്ന അഭ്യുഹത്തെത്തുടർന്നു അന്വേഷണസംഘം വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. അജ്മീരിലെ ദർഗയ്ക്കുസമീപമുള്ള മലയാളി ഹോട്ടലിലെ ജീവനക്കാർ കണ്ടതായി പ്രചാരണം ഉയർന്നതിനാൽ അവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും തുന്പൊന്നും ലഭിച്ചില്ല. കാസർഗോഡും ഇത്തരത്തിൽ അന്വേഷണം നടത്തി.
കാണാതായദിവസം രാത്രി ഒന്പതിനു കാറിൽ ഭക്ഷണം വാങ്ങാൻ കോട്ടയം ടൗണിലേക്കുപോയ ഇരുവരെയും പിന്നീട് കണ്ടില്ലെന്നാണു കേസ്. വീടിനുസമീപം പലചരക്കുകട നടത്തിയിരുന്ന ഹാഷിം ആഴ്ചകൾക്കു മുന്പു വാങ്ങിയ മാരുതി വാഗണ് ആർ ഗ്രെ കളർ കാറിലാണു വീട്ടിൽനിന്നു കോട്ടയത്തിനു പുറപ്പെട്ടത്.
കെഎൽ 5 എജെ 7183 എന്ന താത്കാലിക രജിസ്ട്രേഷൻ നന്പരാണു കാറിന്. ഫാത്തിമ (13), ബിലാൽ (ഒന്പത്) എന്നീ രണ്ടു മക്കളെയും ഹാഷിമിന്റെ പിതാവ് അബ്ദുൾ ഖാദറിനെ ഏല്പിച്ചശേഷമാണ് ഇരുവരും പുറപ്പെട്ടത്. ഇരുവരുടെയും മൊബൈൽ ഫോണുകൾ, ഡ്രൈവിംഗ് ലൈസൻസ്, എടിഎം കാർഡുകൾ ഇവയൊന്നും കൊണ്ടുപോയിട്ടില്ല.