കുമരകം: അറുപറയിലെ ദന്പതികളെ കാണാതായി നാലു വർഷം പിന്നിടുന്പോഴും ദുരൂഹത ബാക്കി. 2017 ഏപ്രിൽ ആറാം തീയതി ഹർത്താൽ ദിനത്തിൽ വൈകുന്നേരം കോട്ടയം ടൗണിലേക്കു പുത്തൻ മാരുതി കാറിൽ ഭക്ഷണം വാങ്ങാൻ പുറപ്പെട്ട അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരാണ് ഇനിയും തിരിച്ചെത്താത്തത്.
വൃദ്ധനായ പിതാവ് അബ്ദുൾ ഖാദറും രണ്ട് മക്കളും ഇവർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ നാലു വർഷം പിന്നിട്ടിട്ടും കാത്തിരിപ്പു തുടരുകയാണ്.അബ്ദുൾ ഖാദർ കുമരകം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവാതുക്കൽ വഴിയാണു കാർ പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വിവരം ലഭിച്ചിരുന്നു.
തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ നാളിതുവരെ ലഭിച്ചില്ല.പോലീസിന്റെ അന്വേഷണം വിഫലമായെന്ന പിതാവിന്റെ പരാതിയെ തുടർന്നു മുഖ്യമന്ത്രി അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്ന് ജില്ലയുടെ വിവിധ മേഖലകളിൽ കരയിലും ജലത്തിലും തെരച്ചിൽ വ്യാപിപ്പിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല.
സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും പുണ്യസങ്കേതങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എല്ലാം നടത്തിയ അന്വേഷണങ്ങളും ഫലം കണ്ടില്ല.40 അംഗ അന്വേഷണ സംഘത്തിനൊപ്പം സ്വകാര്യ ഡിടക്റ്റീവ് ഏജൻസിയായ ഹമ്മിംഗ് ബേർഡ് ജലാശയ സ്കാനർ ഉപയോഗിച്ചുപോലും അന്വേഷണം നടത്തിയിട്ടും ദന്പതികളേയോ കാറോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നാലുവർഷങ്ങൾക്കുശേഷവും അബ്ദുൾ ഖാദറും കുടുംബവും ഹാഷിമിന്റെയും ഹബീബയുടെയും തിരിച്ചു വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.