കോട്ടയം: അറുപറയിൽ നിന്നും ദന്പതികളെ കാണാതായ സംഭവം 30 പേരടങ്ങുന്ന പോലീസ് സംഘം അന്വേഷിക്കും. ഇന്നലെ പോലീസ് മേധാവി ടി.പി. സെൻകുമാർ കഴിഞ്ഞ മാസം ആറു മുതല് കാണാതായ ദന്പതികളുടെ വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ദന്പതികളുടെ പിതാവ് അബ്ദുൽഖാദറിൽ നിന്നും ഡിജിപി നേരിട്ട് പരാതി സ്വീകരിച്ചു.
നിലവിൽ അന്വേഷണം ഉൗർജിതമായിട്ടാണ് നടക്കുന്നതെന്നും ഉടൻ ദന്പതികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി പറഞ്ഞു.
കഴിഞ്ഞ മാസം ആറിന് രാത്രി 9.30നാണ് അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷീം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. പുറത്തു നിന്നും ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും കോട്ടയം നഗരത്തിലേക്ക് പുറപ്പെട്ട ദന്പതികൾ പിന്നീട് തിരിച്ചു വന്നില്ല. ഇതേ തുടർന്ന് ബന്ധുക്കൾ കുമരകം പോലീസിൽ പരാതി നൽകുകയായിരുന്നു. വീടിനു തൊട്ടുചേർന്ന് ഒറ്റക്കണ്ടത്തിൽ സ്റ്റോഴ്സ് എന്ന പേരിൽ പലചരക്കുകട നടത്തി വരുകയായിരുന്നു ഹാഷിം.
ഒരുമാസം മുന്പ് വാങ്ങിയ പുതിയ താത്കാലിക രജിസ്ട്രേഷനുള്ള ഗ്രേ കളർ മാരുതി വാഗണ് ആർ കാറിലാണ് ഇവർ പുറത്തുപോയത്. ഹാഷിം പഴ്സോ, എടിഎം കാർഡോ, ലൈസൻസോ ഒന്നും വീട്ടിൽ നിന്നും കൊണ്ടുപോയിരുന്നില്ല.
മൊബൈൽ ഫോണും ദന്പതികൾ എടുത്തിരുന്നില്ല.. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തും പ്രത്യേക പോലീസ് സംഘങ്ങൾ അന്വേഷണം നടത്തിയിരുന്നു. മീനച്ചിലാറ്റിലും നാവികസേനയുടെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
തുടർന്ന് ദന്പതികളുടെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്തെത്തിയപ്പോൾ നേരിട്ട് കണ്ട് പരാതി നൽകിയിരുന്നു. ഇന്നുവരെയും ദന്പതികളക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ല. ഇവർ എവിടെപ്പോയെന്ന് ചോദ്യം ഇന്നും ദുരൂഹമായി തുടരുകയാണ്.