സി.സി.സോമൻ
കോട്ടയം: അറുപറയിൽ നിന്ന് കാണാതായ ദന്പതികൾ ചതുപ്പിൽ അകപ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസിനു വേണ്ടി ഹാജരായ ഗവണ്മെന്റ് പ്ലീഡർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് സിബിഐയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് കാണാതായ ഹാഷിമിന്റെ പിതാവ് ഹൈക്കോടതിയിൽ നല്കിയ ഹർജിയിൽ വാദം കേൾക്കവേയാണ് പോലീസിന്റെ സംശയം കോടതിയിൽ അറിയിച്ചത്.
വാഹനം ഉൾപ്പെടെ ചുതുപ്പിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ പുറമെ കാണാൻ സാധിക്കില്ല. അത് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്. അതിനാൽ അന്വേഷണത്തിന് കുറെക്കൂടി സമയം വേണമെന്ന് പോലീസിനു വേണ്ടി ഹാജരായ സീനിയർ ഗവണ്മെന്റ് പ്ലീഡർ ആവശ്യപ്പെട്ടു. എന്നാൽ ഒരു വർഷവും രണ്ടു മാസവും അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാത്തവർക്ക്് ഇനിയെന്തു കണ്ടെത്താനാണെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര ചോദിച്ചു.
ചതുപ്പിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ എന്തെങ്കിലും സൂചനയെങ്കിലും കിട്ടേണ്ടതല്ലേ എന്നും അദേഹം ചോദിച്ചു. ഇതോടെ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കാതെ പോലീസിന്റെ പക്കൽ ഉണ്ടായിരുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കോടതി വാങ്ങി. തുടർ വാദത്തിനായി കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
2017 ഏപ്രിൽ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. കാണാതായ രാത്രിയിൽ ഒൻപത് മണിയോടെ ഭക്ഷണം വാങ്ങാനായി കോട്ടയം ടൗണിലേക്ക് പോയതാണ് ദന്പതികൾ. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഹബീബ 10 പവന്റെ ആഭരണം ധരിച്ചിരുന്നു. രണ്ടു പേരും മൊബൈൽ ഫോണുകൾ എടുത്തിരുന്നില്ല. പുതിയ വാഗണ് ആർ കാറിലാണ് ഇവർ പോയത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും എല്ലാസന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലും ഒരു തുന്പും ഇതുവരെ ലഭിച്ചില്ല.