പയ്യന്നൂർ: പയ്യന്നൂർ മാവിച്ചേരിയിലെ എണ്‍പതുകാരിയുടെ ദുരൂഹത നിറഞ്ഞ തിരോധാനത്തെ തുടർന്നുയർന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാവാതെ ബന്ധുക്കൾ. വയോധികയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പറയാൻ മൂന്നുവർഷം കഴിഞ്ഞിട്ടും പോലീസിനുമാകുന്നില്ല.
മാവിച്ചേരി ആംഗൻവാടിക്ക് സമീപത്തെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ നായത്തൂർ ദേവകി (70) യുടെ തിരോധാനത്തിനാണ് മൂന്നുവർഷം കഴിഞ്ഞിട്ടും ഉത്തരം കണ്ടെത്താനാകാത്തത്. ഒന്‍പത് മക്കളുള്ള ദേവകിയെ 2014 നവംന്പർ മൂന്നിന് രാവിലെ മുതലാണ് കാണാതായത്. ദേവകിയുടെ മകൻ ശ്രീധരന്റെ ഭാര്യ നന്ദിനി പുലർച്ചെ അഞ്ചിന് എഴുന്നേറ്റപ്പോൾ വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. വീട്ടിലും പരിസരങ്ങളിലും അന്വേഷിച്ചിട്ടും ദേവകിയെ കണ്ടെത്താനാകാതെ വന്നതിനെ തുടർന്നാണ് മക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകിയത്.
പതിവുപോലെ ഉറങ്ങുന്നതിന് മുന്‍പ് ഊരിവെച്ച മാല വീട്ടിൽ തന്നെയുണ്ടായിരുന്നു. കമ്മലും മൂക്കൂത്തിയും ദേവകിയുടെ ദേഹത്തുണ്ടായിരുന്നു. പണമോ വസ്ത്രങ്ങളോ എടുത്തിരുന്നില്ല. സംഭവ ദിവസം മകൻ ശ്രീധരനും ഭാര്യയും രണ്ടുകുട്ടികളും ശ്രീധരന്റെ രണ്ട് അനുജൻമാരും വീട്ടിലുണ്ടായിരുന്നു. ഇവരുടെ വീടിന്റെ തൊട്ടു പിറകിലെ വീട്ടിൽ ദേവകിയുടെ മകളും കുടുംബവുമുണ്ടായിരുന്നു.
മക്കളുടെ പരാതിയിൽ പലരേയും ചോദ്യം ചെയ്യുകയും നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്ത പോലീസിന് ദേവകിയുടെ തിരോധാനത്തെ സംബന്ധിച്ച നേരിയ സൂചന പോലും ലഭിക്കാതിരുന്നതിനെ തുടർന്ന് ഇതുസംബന്ധിച്ച അന്വേഷണം മുന്‍പേ നിർത്തിയിരുന്നു. പ്രായാധിക്യത്തിന്റെ അവശതകളും ദിവസങ്ങൾക്ക് മുന്‍പുണ്ടായ വീഴ്ചയിൽ കൈക്കുണ്ടായ പരിക്കും മൂലം സഞ്ചരിക്കാനാവാത്ത അവസ്ഥയിലായിരുന്നു ദേവകി. വീട്ടിൽതന്നെ വടിയും കുത്തിപ്പിടിച്ചാണ് നടന്നിരുന്നത്. തലേ ദിവസം എല്ലാവരുമൊത്ത് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ദേവകിയെയാണ് നേരം പുലർന്നപ്പോൾ കാണാതായത്.
ദേവകിക്ക് നടന്നുപോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും സമീപ വീടുകളിലും ബന്ധുവീടുകളിലും കുളങ്ങളിലും കിണറുകളിലുമായി ഒട്ടേറെ തെരച്ചിലുകൾ ബന്ധുക്കളും നാട്ടുകാരും നടത്തിയിട്ടും ദേവകിയെ കണ്ടെത്തിയില്ല. നിരവധി അഗതി മന്ദിരങ്ങളിലും ആശ്രയ കേന്ദ്രങ്ങളിലുമായി മക്കൾ മൂന്നുവർഷം അന്വേഷിച്ചിട്ടും നിരാശയായിരുന്നു ഫലം. ദേവകി മരിച്ചതാണെങ്കിൽ എവിടെ നിന്നെങ്കിലും മൃതദേഹമെങ്കിലും ലഭിക്കേണ്ടതല്ലേ എന്ന മക്കളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കുമാകുന്നില്ല. അന്വേഷണത്തിൽ പോലീസ് വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല എന്നും മക്കൾ പറയുന്നു. ദേവകി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുള്ളതിന്റെ ഉത്തരമെങ്കിലും ലഭിക്കാനായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് മക്കൾ.