കോടഞ്ചേരി: ശനിയാഴ്ച വൈകിട്ട് നാലു മുതൽ കാണാതായ വേങ്ങത്താനത്ത് ഏലിയാമ്മയെ ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. തേവർമലയിലെ വീട്ടിൽ നിന്നാണ് കാണാതായത്.
കാണാതായ ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല.ഞായറാഴ്ച രാവിലെ കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
പോലീസ് നായ ഞായറാഴ്ച വീട്ടിൽനിന്ന് സമീപത്തെ തോട്ടങ്ങളിലൂടെ താഴേക്ക് സഞ്ചരിച്ച് കോടഞ്ചേരി തെയ്യപ്പാറ റോഡിലെ സിക്ക് വളവ് വരെ എത്തിനിന്നു.തുടർന്ന് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഡോഗ് സ്ക്വാഡ് തിരിച്ചു പോവുകയും ചെയ്തു.
ഇന്നലെ രാവിലെ വീണ്ടും മൂന്ന് ഡോഗുകൾ എത്തുകയും ചെയ്തു. ഇന്ന് കെ 9 സ്ക്വാഡ് ബാലുശേരിയിലെ ഡോഗുകളായ ബോണി, റിമോ എന്നിവയും കെ 9 സ്ക്വാഡ് പയ്യോളിയിലെ റോണിയും ഉണ്ടായിരുന്നു.
സിപിഒമാരായ കെ. ബിനീഷ്, കെ.എം. അനീഷ്, ജിനു പീറ്റർ, കെ, റെജി, വിപിൻദാസ്, ഷിനോസ് കുമാർ എന്നിവർ നേതൃത്വം നൽകി. നായകൾ കഴിഞ്ഞദിവസത്തെ പോലെ സിക്ക് വളവിന് സമീപം വന്നു നിൽക്കുകയാണുണ്ടായത്.
നാട്ടുകാരും, ബന്ധുക്കളും, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരിയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സും ചേർന്ന് അന്വേഷണം നടത്തുന്നുണ്ട്.
കോടഞ്ചേരി സ്റ്റേഷനിലെ എസ്ഐമാരായ സി.ജെ. ബെന്നി, സി.പി. സാജു, സിവിൽ പോലീസ് ഓഫീസർമാരായ ഡിനോയി മാത്യു, സനിൽകുമാർ എന്നിവരും തെരച്ചിലിന് നേതൃത്വം നൽകി.