പത്തനംതിട്ട: മേക്കൊഴൂരിൽ നിന്നും അർധരാത്രി കാണാതായ 15കാരനെ നേരം പുലരുന്നതിനു മുന്പ് കണ്ടെത്തി രക്ഷിതാക്കളെ ഏല്പിച്ച് പത്തനംതിട്ട പോലീസ് മികവു കാട്ടി. ബുധനാഴ്ച രാത്രി 12. 30 ഓടെയാണ് പത്താംക്ലാസ് വിദ്യാർഥി രക്ഷിതാവ് വഴക്കു പറഞ്ഞതിന് വീട് വിട്ടുപോയി എന്ന വിവരം പത്തനംതിട്ട പോലീസിനു ലഭിക്കുന്നത്.
മറ്റൊരു തിരോധാന കേസിന്റെ അന്വേഷണത്തിനായി ചിറ്റാറിലായിരുന്ന എസ്ഐ പ്രജീഷ്, എഎസ്ഐ ഹുമയൂണ്, സിപിഒ സറഫുദ്ദീൻ, സജികുമാർ, രഞ്ജിത്, രഘു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെട്ടെന്ന് പത്തനംതിട്ടയിലേക്ക് തിരിച്ചെത്തി പത്തനംതിട്ട ഡിവൈഎസ്പി സജീവ്, സിഐ ന്യൂമാൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
മേക്കൊഴൂർ ഉള്ള കുട്ടിയുടെ വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടുകൂടി പ്രദേശത്ത് തിരച്ചിൽ ആരംഭിക്കുകയും അതേസമയം തന്നെ മറ്റ് സ്റ്റേഷനുകളിലേക്കും പട്രോളിംഗ് മൊബൈലുകളിലേക്കും വയർലെസ് മുഖേന വിവരങ്ങൾ അറിയിക്കുകയും റെയിൽവേ പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയും ചെയ്തു. മേക്കൊഴൂർ സഹകരണ ബാങ്കിലെ കാമറ പരിശോധിച്ചതിൽ രാത്രി 9.35ന് വിദ്യാർഥി ് മണ്ണാറക്കുളഞ്ഞി ഭാഗത്തേക്ക് നടന്നു പോകുന്നതായി കാണാൻ കഴിഞ്ഞു.
കുട്ടി പോയ സമയം ധരിച്ച് വസ്ത്രത്തെയും സംബന്ധിച്ച് ഇതോടെ ധാരണയുണ്ടായി. രാത്രി 11.30ന് എസ്ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചിറ്റാറി ലേക്ക് പോയപ്പോൾ ഇതേ വസ്ത്രം ധരിച്ച ഒരു കുട്ടി കുന്പളാംപൊയ്കയിൽ നിന്നും ഒരു പന്പ ബസിൽ കയറി പോകുന്നത് കണ്ടത് ഈ വിദ്യാർഥിയുമായി സാമ്യമുണ്ടെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു.
ഉടൻതന്നെ നിലയ്ക്കൽ, പന്പ, സന്നിധാനം കണ്ട്രോൾ റൂമുകളെയും പോലീസ് സ്റ്റേഷനുകളേയും വിവരമറിയിച്ചു. ഫോട്ടോയും മറ്റും വാട്സാപ്പിൽ അയച്ചു കൊടുത്തു. പന്പാ സിയെ വിജയന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കുട്ടിയെ പന്പയിൽ നിന്നു കണ്ടെത്തുകയും ചെയ്തു.