കണ്ണൂർ:ആയിക്കരയിൽനിന്ന് നാലു തൊഴിലാളികളുമായി മത്സ്യബന്ധനത്തിനുപോയ ഫൈബർ വള്ളം കണ്ടെത്താൻ ജോയിന്റ് ഓപ്പറേഷൻ സെന്റർ ഫോർ കോസ്റ്റൽ സെക്യൂരിറ്റിയുടെ(ജെഒസി) സഹായം തേടി കോസ്റ്റൽ പോലീസ്.ഫൈബർ വള്ളം കുടുങ്ങിയത് ഉൾക്കടലിലായതുകൊണ്ട് കോസ്റ്റൽ പോലീസിനു രക്ഷാപ്രവർത്തനം നടത്താൻ കഴിയില്ല.
അതുകൊണ്ടാണ് ജെഒസിയുടെ സഹായം തേടിയത്. രക്ഷാപ്രവർത്തനം നടത്താൻ നേവിയുടെ ഉൾപ്പെടെ സഹായം വേണമെന്നാവശ്യപ്പെട്ട് തലശേരി കോസ്റ്റൽ പോലീസ് ജെഒസിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.ആയിക്കരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ സഫാ മോൾ എന്ന ഫൈബർ വള്ളമാണ് ഉൾക്കടലിൽ കുടുങ്ങിയത്. വയർലെസ് സന്ദേശം ലഭിച്ച ഭാഗത്ത് തലശേരി കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞ 17 നാണ് ഫൈബർ വള്ളം ആയിക്കരയിൽനിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. മറ്റു വള്ളക്കാർക്ക് ലഭിച്ച വയർലെസ് സന്ദേശത്തിലൂടെയാണ് അപകടവിവരം പുറത്തറിയുന്നത്. ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി മുജീബിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് എൻജിൻ പ്രവർത്തിപ്പിക്കാനാകാതെ വള്ളം കടലിൽ കുടുങ്ങുകയായിരുന്നെന്ന് തലശേരി കോസ്റ്റൽ പോലീസ് പറഞ്ഞു.
കോഴിക്കോട് സ്വദേശി കുര്യാക്കോസ്, തിരുവനന്തപുരം സ്വദേശി വർഗീസ്, ഒഡീഷ സ്വദേശി പ്രഭു എന്നിവരും കാണാതായ വള്ളത്തിലുണ്ടായിരുന്നു. കോസ്റ്റൽ പോലീസ് ഇന്നു രാവിലെ മുതൽ വീണ്ടും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.