തിരുവനന്തപുരം: തലസ്ഥാനത്തു കാണാതായ ജർമ്മൻ യുവതി ലിസ വെയ്സിനെ കണ്ടെത്താനുള്ള അന്വേഷണം ഫലംകാണുന്നില്ല. ലിസയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ലിസയുടെ അമ്മയടക്കമുള്ള ബന്ധുക്കളെ ബന്ധപ്പെടാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ലിസയുടെ ബന്ധുക്കളുമായി സംസാരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജർമ്മൻ എംബസിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരിൽ നിന്ന് കൂടുതൽ എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും അന്വേഷണ സംഘം. ലിസ വിമാന ഇറങ്ങിയ ശേഷം സംസ്ഥാനത്ത് ഒരിടത്തും താമസിച്ചതായ ഒരു വിവരവും ലഭിച്ചിട്ടില്ല.
വിമാനം ഇറങ്ങിയെന്ന് തെളിയിക്കുന്ന തെളിവ് എമിഗ്രേഷൻ വിഭാഗം കൈമാറിയിട്ടുണ്ട്. തിരികെ രാജ്യത്തെ ഒരു വിമാനത്താവളം വഴി പോയതായുള്ള വിവരവും ലഭിച്ചിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും അയച്ചു കൊടുത്തിട്ടുണ്ട്. ലിസ മതം മാറിയെന്ന വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മതപരിവർത്തന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കൃത്യമായ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. തമിഴ്നാട് വഴി നേപ്പാൾ വഴി വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത മുന്നിൽകണ്ട് ആ രീതിയിലുള്ള അന്വേഷണവും നടത്തുന്നുണ്ട്. കാണാതായിട്ട് മൂന്നരമാസമായി എന്നതാണ് അന്വേഷണ സംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സിറ്റി നർക്കോട്ടിക് എസി ഷീൻ തറയിലിന്റേയും ശംഖുമുഖം എസി ഇളങ്കോയുടേയും നേതൃത്വത്തിൽ രണ്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.