പെൺകുട്ടിയുമായി അയാൾ മാളിൽ എത്തിയിട്ടുണ്ടെന്നു പോലീസ് ഉറപ്പിച്ചു. കൂടുതൽ പരിശോധനയില്‍ ഡിഎല്‍എഫ് മാൾ ആണ് ലൊക്കേഷന്‍ എന്നു കാണിച്ചു. ഇതോടെ, അവിടുത്തെ ഡല്‍ഹി സ്വദേശിയായ ഒരു സെക്യൂരിറ്റി ഓഫീസറെ പോലീസ് സംഘം പരിചയപ്പെട്ടു.
അദ്ദേഹം കൊച്ചിയിൽ നേവി ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുള്ള ആളായിരുന്നതിനാൽ മലയാളം നന്നായി അറിയാമായിരുന്നു. അദേഹത്തോടു സംസാരിച്ചതില്‍നിന്ന് അവിടത്തെ സെക്യൂരിറ്റി സംവിധാനം ശക്തമാണെന്ന് എസ്ഐക്കു മനസിലായി.
ചെറിയ കുറ്റം ചെയ്തിട്ടുപോലും അവിടെനിന്നു രക്ഷപ്പെട്ടു പോവുക അസാധ്യമാണെന്നു പോലീസ് മനസിലാക്കി. തുടര്‍ന്നു സെക്യൂരിറ്റി ഓഫീസര്‍ക്കു പോലീസ് പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചുകൊടുത്തു. 150ഓളം വരുന്ന അവിടത്തെ സെക്യൂരിറ്റി ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അദ്ദേഹം പെണ്‍കുട്ടിയുടെ ഫോട്ടോ അയച്ചുകൊടുത്തു.
വീണ്ടും നോയ്ഡ
ഇതിനിടെ, ഫോൺ നന്പർ നിരീക്ഷിച്ചുകൊണ്ടിരുന്ന സൈബർ സെല്ലിൽനിന്ന് ഒരു വിവരമെത്തി. അവരുടെ ഇപ്പോഴത്തെ ലൊക്കേഷൻ നോയ്ഡ ആണെന്നായിരുന്നു ആ വിവരം. ഇതോടെ പോലീസ് ആശയക്കുഴപ്പത്തിലായി.
പക്ഷേ, ആലോചിച്ചു നഷ്ടപ്പെടുത്താൻ സമയമില്ല. പോലീസ് സംഘം വീണ്ടും 150 കിലോമീറ്റര്‍ അകലെയുള്ള നോയിഡയിലേക്കു വച്ചുപിടിച്ചു. മെട്രോ ട്രെയിന്‍ ആയിരുന്നു ഏക ആശ്രയം.
എന്നാൽ, പോലീസ് അവിടെ എത്തിയ ശേഷം സൈബര്‍ സെല്ലില്‍നിന്നു വീണ്ടും കോള്‍ വന്നു. രാജ്കുമാറിന്റെ ലൊക്കേഷന്‍ ഡല്‍ഹി തന്നെയാണെന്നും അവര്‍ക്കു തെറ്റുപറ്റിയതാണെന്നും അറിയിച്ചു.
അങ്ങനെ ഒരു ചെറിയ പിഴവിന്റെ പേരിൽ വിലപ്പെട്ട സമയം വെറുതെ ഒാടിക്കളഞ്ഞു. തുടർന്നു നോയ്ഡയിൽനിന്നു ടാക്സി പിടിച്ച് എസ്ഐയും സംഘവും ഡല്‍ഹിയിലേക്കു തിരിച്ചു പുറപ്പെട്ടു.
ഇതിനിടെ, രാജ്കുമാർ രണ്ടു തവണ പെണ്‍കുട്ടിയെക്കൊണ്ടു വീട്ടിലേക്കു വിളിപ്പിച്ചിരുന്നു. അക്കൗണ്ടിലേക്കു പൈസ ഇട്ടു കൊടുക്കാത്തതിൽഅയാൾ രോഷാകുലനായി. പെണ്‍കുട്ടിയെ കൊല്ലുമെന്നും ഭീഷണി മുഴക്കി.
കൈയെത്തും ദൂരത്ത്
നോയ്ഡയിൽനിന്നു മണിക്കൂറുകള്‍ക്കകം പോലീസ് സംഘം വീണ്ടും ഡല്‍ഹിയിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ എത്തി. ഈ സമയത്തെല്ലാം പെൺകുട്ടിയെയുമായി രാജ്കുമാർ ഷോപ്പിംഗ് മാളിൽ കറങ്ങി നടക്കുകയായിരുന്നു.
എന്നാല്‍, മൂന്നു ഷോപ്പിംഗ് കോംപ്ലക്സുകളില്‍ തെരഞ്ഞെങ്കിലും തിരക്കിനിടയിൽ അവരെ കണ്ടെത്തുക അത്ര എളുപ്പമല്ലായിരുന്നു. പെണ്‍കുട്ടി ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്നെങ്കിലും അവിടെനിന്നു രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
അപരിചിതമായ സ്ഥലം, അപരിചിതരായ ആളുകൾ, എങ്ങോട്ടാണ് ഓടി രക്ഷപ്പെടേണ്ടതെന്ന് അറിയാത്ത അവസ്ഥ. പോലീസ് സംഘം രണ്ടായി തിരിഞ്ഞ് അരിച്ചുപെറുക്കി പരിശോധന നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല.
ഒടുവില്‍ എസ്ഐ വിബിന്‍ദാസിന്റെ ഫോണിലേക്കു ഡല്‍ഹി സ്വദേശിയായ സെക്യൂരിറ്റി ഓഫീസറുടെ ഫോണ്‍കോളെത്തി. പോലീസ് സംഘം എത്തിയപ്പോള്‍ രാജ്കുമാർ പെൺകുട്ടിയെയുമായി ബൈക്കില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു.
പോലീസ് സംഘത്തോടൊപ്പം കുറച്ചു സെക്യൂരിറ്റി ഓഫീസര്‍മാരും അവിടേക്കോടിയെത്തി. പോലീസിനെയും സെക്യുരിറ്റി ജീവനക്കാരെയും കണ്ടതോടെ ആരോഗ്യദൃഢഗാത്രനായ രാജ്കുമാർ തന്റെ കൈവശം ഉണ്ടായിരുന്ന കത്തി വീശി.
എന്നാൽ, ഒരു മല്‍പ്പിടിത്തത്തിലൂടെ പോലീസ് സംഘം അയാളെ കീഴടക്കി. ഇരുവരെയും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തിച്ചു രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റിപ്പോര്‍ട്ട് തയാറാക്കി അയാളെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നു പെണ്‍കുട്ടിയെയും പ്രതിയെയും കൂട്ടി പോലീസ് സംഘം കൊച്ചിയിലേക്കു വിമാനത്തിൽ പുറപ്പെട്ടു.
എല്ലാം നഷ്ടപ്പെട്ട് അവൾ
പെൺകുട്ടിയുടെ ജീവൻ രക്ഷപ്പെട്ടെങ്കിലും വിലപ്പെട്ടതെല്ലാം അയാൾ ഇതിനകം കവർന്നിരുന്നു. നടിയാകുക എന്ന സ്വപ്നം മാത്രമായിരുന്നു കൊച്ചിയില്‍നിന്നു പുറപ്പെടുമ്പോള്‍ അവളുടെ മനസില്‍ ഉണ്ടായിരുന്നത്.
കാഴ്ചയില്‍ സുന്ദരിയായ അവൾ മോഹന വാഗ്ദാനങ്ങള്‍ നല്കിയ ചെറുപ്പക്കാരനൊപ്പം പുറപ്പെടുകയായിരുന്നു. എന്നാൽ, യാത്ര തുടങ്ങി അല്പം കഴിഞ്ഞപ്പോ തന്നെ താന്‍ കെണിയില്‍ പെട്ടിരിക്കുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു.
എന്നാൽ, അപരിചിതമായ ആ ചുറ്റുപാടുകളിൽനിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. അയാൾ കൊന്നുകളയുമോയെന്ന പേടിയും അവളെ അലട്ടി.
നോയ്ഡയിലെ ഉള്‍പ്രദേശത്താണ് അയാള്‍ പെണ്‍കുട്ടിയുമായി താമസിക്കാന്‍ ചെന്നത്. ഗുണ്ടകളും കുറ്റവാളികളും വേശ്യാവൃത്തിയില്‍ ഏര്പ്പെട്ടിരിക്കുന്നവരുമൊക്കെ താമസിക്കുന്ന കോളനിയായിരുന്നു അത്. ലോഡ്ജില്‍ മുറിയെടുക്കാനായി ചെന്നപ്പോള്‍ അയാള്‍ക്കൊപ്പം മൂന്നുനാലു പേര്‍കൂടി ഉണ്ടായിരുന്നുവെന്നു ലോഡ്ജ് ഉടമ പോലീസിനു മൊഴി നല്കി.
എന്നാല്‍, പിന്നീട് അവരാരും അവിടേയ്ക്കു ചെന്നില്ല. രക്ഷപ്പെടാതിരിക്കാനായി രാജ്കുമാർ അവളെ മുറിയില്‍ കെട്ടിയിട്ടു. ആര്‍ത്തവ സമയമായിരുന്നിട്ടു പോലും പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചു.
തന്റെ മോഹവും ആവശ്യങ്ങളും സാധിച്ച ശേഷം പെണ്‍കുട്ടിയെ മറ്റാര്‍ക്കെങ്കിലും വില്‍ക്കാനായിരുന്നോ അയാൾ ലക്ഷ്യമിട്ടിരുന്നു സംശയിക്കുന്നു. അല്ലെങ്കില്‍ അവളെ ഉപയോഗിച്ചു വൻ തുക വാങ്ങിച്ചെടുത്തിട്ട് എളുപ്പത്തിൽ ഉപേക്ഷിച്ചു കടന്നുകളയാനും കഴിയുമായിരുന്നു.
കേസില്‍ മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. പ്രതിയായ രാജ്കുമാർ ഇപ്പോൾ ജയിലിലാണ്.
നോയിഡ കിഡ്നാപ്പിംഗ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ എസ്ഐ വിബിന്ദാസിനെയും സീനിയര്‍ സിപിഒ വിനോദ് കൃഷ്ണയെയും സംസ്ഥാന വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ കാഷ് റിവാര്‍ഡും ഇരുവര്‍ക്കും ലഭിച്ചു.
(അവസാനിച്ചു)
തയാറാക്കിയത്: സീമ മോഹന്‍ലാല്‍