കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികൾക്കായി വലവിരിച്ച് കോട്ടയത്ത് പോലീസിന്റെ വന്പൻ അന്വേഷണം. ലോഡ്ജുകളും റെയിൽവേ സ്റ്റേഷനും ബസ്സ്റ്റാൻഡുമെല്ലാം അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിനൊടുവിൽ ഒരാളെ കോട്ടയത്തു നിന്നും മറ്റൊരാളെ എറണാകുളത്തു നിന്നും കണ്ടെത്തി.
പതിനേഴുകാരിയാണ് പോലീസിനെ ഏറെ വെള്ളം കുടിപ്പിച്ചത്. വൈകുന്നേരം അഞ്ചു മണിക്കാണ് പെണ്‍കുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. ആദ്യ അന്വേഷണങ്ങൾക്കു ശേഷം സൈബർ സെല്ലിൽ വിവരം നല്കി. സൈബർ സെല്ലിന്റെ അന്വേഷണത്തിൽ രാത്രി എട്ടുമണിക്ക് പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ ലൊക്കേഷൻ കോട്ടയം കളക്ടറേറ്റിനു സമീപമെന്ന് കണ്ടെത്തി.
ഇതോടെ സ്പെഷൽ ടീം പോലീസിനെ രംഗത്തിറക്കി. കളക്ടറേറ്റിനു സമീപത്തെ ലോഡ്ജുകളിൽ പോലീസ് തെരച്ചിൽ നടത്തി. പെണ്‍കുട്ടിയുടെ ഫോട്ടോയുമായി വിവിധ സ്ഥാപനങ്ങളിൽ കയറിയിറങ്ങി. രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ രാത്രി 10 മണിയോടെ ഫോണ്‍ ലൊക്കേഷൻ എറണാകുളത്താണെന്ന് വ്യക്തമായി. ഇതോടെ പോലീസ് എറണാകുളത്തിനു കുതിച്ചു. എറണാകുളത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടി.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ ഇരുപതുകാരിയെ കോട്ടയം ടൗണിൽ നിന്നാണ് രാത്രിയിൽ കണ്ടെത്തിയത്. കോളജിൽ പോയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും മടങ്ങി വരാതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം ടൗണിൽ നിന്ന് കണ്ടെത്തി.