കൊല്ലം: കുന്നിക്കോട് നിന്നും കാണാതായ 13 വയസുകാരിയെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് കുന്നിക്കോട് ആവണീശ്വരത്തുള്ള വിദ്യാർത്ഥിനിയെ കാണാതായത്. റെയിൽവേ സ്റ്റേഷനിൽ കണ്ടതായി ചിലർ അറിയിക്കുകയും ചെയ്തു.
കുന്നിക്കോട് പോലീസും വിശദമായ അന്വേഷണം നടത്തി. ഇന്ന് രാവിലെ 9 ന് പെൺകുട്ടി വീട്ടിലുള്ളവരുമായി ഫോണിൽ ബന്ധപ്പെട്ടു. ആർപിഎഫ് കുട്ടിയുമായി സംസാരിച്ചു. ഉച്ചയോടെ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറും. മാതാവ് വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയതെന്നാണ് പറയപ്പെടുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കുട്ടിയെ കാണാതായത്. മാതാവ് വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടു പോവുകയാണ് എന്ന് കുട്ടി സുഹൃത്തിനോട് ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കുട്ടി വീടുവിട്ട് ഇറങ്ങിയത്.
തുടർന്ന് കൊല്ലത്ത് എത്തിയ പെൺകുട്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരാളുടെ ഫോണിൽ നിന്നും സുഹൃത്തിനെ വിളിച്ച് വീടുവിട്ടു പോവുകയാണ് എന്ന് പറഞ്ഞിരുന്നു. ഈ സുഹൃത്ത് പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
കുന്നിക്കോട് പോലീസ് കൊല്ലം റെയിൽവേ പോലീസിലും വിവരം അറിയിച്ചു. തുടർന്ന് കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ കുന്നിക്കോട് പോലീസ് ഊർജിതമാക്കിയിരുന്നു.