തലശേരി: അമ്മയോടൊപ്പം ട്രെയിനില്‍ സഞ്ചരിക്കവെ തലശേരിയിൽ വച്ച് അപ്രത്യക്ഷയായ പത്തൊമ്പതുകാരി നാട്ടുകാരനായ കാമുകനോടൊപ്പം സുരക്ഷിതയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേതുടർന്ന് പെൺകുട്ടിയുടെ അമ്മ തലശേരി ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിച്ച് നാട്ടിലേക്ക് മടങ്ങി.
ഇന്നലെ പുലര്‍ച്ചെ തലശേരി റെയില്‍വെ സ്റ്റേഷനിൽ വെച്ചാണ് അമ്മക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ കാണാതായത്. ചെന്നൈ -മംഗലാപുരം എക്സ്പ്രസില്‍ മംഗലാപുരത്തെ ബന്ധു വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കോഴിക്കോട് സ്വദേശിനികളായ അമ്മയും മകളും.
തലശേരി സ്റ്റേഷന് വിട്ടതോടെ മകളെ കാണാതാകുകയായിരുന്നു. മകളെ കാണാതായതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞ അമ്മ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. അപ്പോഴേക്കും ട്രെയിന്‍ കൊടുവള്ളി പാലത്തിലെത്തിയിരുന്നു. ട്രെയിന്‍ നിര്‍ത്തി അവിടെ ഇറങ്ങിയ അമ്മ വിവരം റെയില്‍വെ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് തലശേരി പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലശേരി റെയില്‍വെ സ്റ്റേഷനിലിറങ്ങിയ പെണ്‍കുട്ടി പുതിയ ബസ്സ്റ്റാൻഡിലെത്തുകയും ലോട്ടറി കച്ചവടക്കാരനില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ യുവതി ഒരു യുവാവിനെ ഫോണില്‍ വിളിച്ചു വരുത്തി കൂടെ പോയതായിട്ടാണ് പ്രാഥമികന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്.
ലോട്ടറി കച്ചവടക്കാരന്റെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും കോഴിക്കോട് കടലുണ്ടി സ്വദേശിയായ യുവാവിനെയാണ് പെണ്‍കുട്ടി വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടയിൽ കോഴിക്കോട് നിന്നും പെൺകുട്ടിയുടെ കൂടുതൽ ബന്ധുക്കളും തലശേരിയിലെത്തി. വിശദമായ അന്വേഷണത്തിൽ പെൺകുട്ടി ഏറെ നാളായി പ്രണയത്തിലായിരുന്ന യുവാവിനൊപ്പം സുരക്ഷിത കേന്ദ്രത്തിലുണ്ടെന്ന് വ്യക്തതമാകുകയായിരുന്നു.