പിറ്റേന്നു പുലര്‍ച്ചെ ഫ്ളൈറ്റില്‍ എസ്ഐയും സംഘവും നോയിഡയിലേക്കു പുറപ്പെട്ടു. ഡല്‍ഹിയിലേക്കായിരുന്നു ഫ്ളൈറ്റ്. ട്രെയിന്‍ ഡല്‍ഹി സെന്‍ട്രലില്‍ എത്തുന്ന സമയത്തു വിമാനത്തില്‍ പോലീസ് സംഘം അവിടെയെത്തുക എന്നതായിരുന്നു ഉദേശ്യം.
പുലര്‍ച്ചെ 5.30ഓടെ പോലീസ് ഡല്‍ഹിയിലെത്തി. തുടര്‍ന്നു റെയില്‍വേ സ്റ്റേഷനിലേക്കു തിരിച്ചു. അതേസമയം, സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെറുപ്പക്കാരന്റെ ഫോണ്‍ വിവരങ്ങള്‍ എടുക്കുന്നുമുണ്ടായിരുന്നു. എന്നാല്‍, സൗത്ത് സര്‍ക്കിള്‍ വിട്ടതോടെ ഫോൺ ലൊക്കേഷന്‍ കിട്ടായതായി. ഏറെ വൈകാതെ അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി.
പോലീസ് വൈകുന്നേരം വരെ റെയില്‍വേ സ്റ്റേഷനില്‍ നിന്നെങ്കിലും അവരെ കണ്ടെത്താന്‍ കഴിയാതെ ഡല്‍ഹിയിലെ താമസസ്ഥലത്തേക്കു മടങ്ങി. അയാളുടെ ഫോണ്‍ കോളുകള്‍ വീണ്ടും പോലീസ് പരിശോധിച്ചു.
അതില്‍നിന്ന് അയാളുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അയാള്‍ രാജസ്ഥാന് സ്വദേശിയായ രാജ്കുമാർ ആണെന്നും ജോലി മുംബൈയില്‍ ആണെന്നും താമസവും കൂട്ടുകെട്ടുമൊക്കെ ഉത്തര്‍പ്രദേശിലാണെന്നും പോലീസിനു മനസിലായി.
ബാങ്ക് അക്കൗണ്ട്
മറ്റേതോ സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് രാജ്കുമാർ തന്റെ ഫോണില്‍നിന്നു പെണ്‍കുട്ടിയെക്കൊണ്ടു വീട്ടിലേക്കു വിളിപ്പിച്ചു പണം ആവശ്യപ്പെടുന്നതെന്നും പോലീസ് കണ്ടെത്തി.
ആദ്യം രാജ്കുമാർ സംസാരിക്കും. തുടര്‍ന്നു പെണ്‍കുട്ടിയെക്കൊണ്ടു ഹിന്ദിയില്‍ സംസാരിപ്പിക്കും. എന്നാല്‍, ആ സംസാരത്തിന് ഒടുവില്‍ മലയാളത്തില്‍ എന്തെങ്കിലുമൊരു പ്രധാന വിവരം തന്ത്രപരമായി പെണ്‍കുട്ടി വീട്ടുകാരോടു പറയുമായിരുന്നു.
അങ്ങനെ ഒരു സംസാരത്തിനിടയില്‍ അടുത്ത ദിവസം നോയിഡയിലേക്കു പോകുമെന്നു പെണ്‍കുട്ടി പിതാവിനോടു പറഞ്ഞു. പിറ്റേന്നുതന്നെ പോലീസ് സംഘവും നോയിഡയിലേക്കു പുറപ്പെട്ടു. ഇതിനിടെ, രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണവും ഊര്‍ജിതമാക്കി.
ഇയാൾ പണം പിന്‍വലിക്കുന്നത് എവിടെനിന്നാണെന്നു പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ രാജ്കുമാറിന്റെ ലൊക്കേഷന്‍ നോയിഡ ആണെന്നു പോലീസിനു വിവരം ലഭിച്ചു. ഇതിനിടെ, പോലീസ് നിർദേശപ്രകാരം കുട്ടിയുടെ പിതാവ് രാജ്കുമാറിന്റെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചു.
ഈ തുക അരമണിക്കൂറിനകം പണം പിന്‍വലിക്കപ്പെട്ടു. ഇതോടെ രാജ്കുമാറും പെണ്‍കുട്ടിയും നോയിഡയില്‍ ഉണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, ആ വലിയ നഗരത്തിൽ അവരെ കണ്ടെത്തുക എന്നതു ശ്രമകരമായിരുന്നു.
പോലീസിന് സഹായം
ഡല്‍ഹിയില്‍വച്ചു പോലീസ് സംഘം സിആര്‍പിഎഫ് ജവാനായ വൈക്കം സ്വദേശി മനുവിനെ പരിചയപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഉത്തര്‍പ്രദേശില്‍ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. അതുവഴി പോലീസ് സംഘത്തിന് മനു അവിടെ സൗകര്യങ്ങള്‍ ഒരുക്കി.
അങ്ങനെ നാലു ദിവസം കടന്നുപോയി. ഒരു പ്രാവശ്യം നോയിഡയില്‍ ലൊക്കേഷന്‍ കാണിച്ചാല്‍ തുടര്‍ന്നു ഡല്‍ഹിയിലായിരിക്കും രാജ്കുമാർ പണം എടുക്കുന്നതെന്നു പോലീസ് കണ്ടെത്തി. ഇതു പോലീസിനെ വല്ലാതെ കുഴക്കി. എങ്കിലും പോലീസ് ശ്രമിച്ചുകൊണ്ടേയിരുന്നു.
അഞ്ചാം ദിവസം
പല പ്രാവശ്യം അക്കൗണ്ടിലേക്കു നിക്ഷേപിച്ചതു വഴി പെണ്‍കുട്ടിയുടെ അച്ഛന്റെ കൈയിലുണ്ടായിരുന്ന പണം തീര്‍ന്നു. അഞ്ചാം ദിവസം വീട്ടിലേക്കു വീണ്ടും പെണ്‍കുട്ടിയുടെ വിളിയെത്തി. സംസാരത്തിനൊടുവിൽ മലയാളത്തില്‍ ഒരു കാര്യം പറഞ്ഞു.
നാളെ ഡല്‍ഹിയിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ പോകുന്നുണ്ടെന്നും അതിനാണ് പണം വേണമെന്നു പറയുന്നതെന്നുമായിരുന്നു സന്ദേശം.
ഇതിനു പിന്നാലെ പോലീസ് സംഘം ഡല്‍ഹിയിലെ ഷോപ്പിംഗ് കോംപ്ലസ്കിലേക്കു തിരിച്ചു.
രാജ്കുമാറിന്റെ ഫോൺ വിളികൾ പരിശോധിച്ചതില്‍നിന്ന് അയാള്‍ ഷോപ്പിംഗ് മാളിൽ തന്നെയുണ്ടെന്നാണ് കാണിച്ചത്. എന്നാല്‍, അവിടെ ഒന്നിലേറെ ഷോപ്പിംഗ് മാളുകള്‍ ഉള്ളതിനാല്‍ അവരെ കണ്ടെത്തുകയെന്നതു വളരെ ശ്രമകരമായിരുന്നു. (തുടരും)
തയാറാക്കിയത് :സീമ മോഹൻലാൽ